എയർ ഇന്ത്യ എക്സ്പ്രസ്; സർവിസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

സലാല/ മസ്‌കത്ത്‌: മാർച്ച്‌ 29 മുതൽ മസ്കത്തിലേക്കും സലാലയിലേക്കുമുള്ള എയർ ഇന്ത്യ എക്സ്‌പ്രസ്‌ സർവിസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ. നാട്ടിൽ സ്കുൾ, പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞ്‌ അവധിക്കാലം ഒമാനിൽ ബന്ധുക്കളോടൊപ്പം ചെലവഴിക്കാനായി നിരവധി കുടുംബങ്ങളാണ് നേരത്തെ തന്നെ ടിക്കറ്റെടുത്ത്‌ കാത്തിരിക്കുന്നത്‌.

അതിനിടെയാണ് മാർച്ച്‌ 22 മുതൽ 28 വരെ മസ്‌കത്തിൽ നിന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള സർവിസുകളും അപ്രതീക്ഷിതമായി എയർ ഇന്ത്യ എക്സ്‌പ്രസ്‌ റദ്ദാക്കിയത്‌. മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽപോലും ഒമാനിലേക്കുള്ള സർവിസുകൾ കാര്യമായ തടസ്സമില്ലാതെ നടത്തിയിരുന്നു. സംഘർഷം ഏറ്റവും കുറഞ്ഞ തോതിൽ വിമാന സർവിസുകളെ ബാധിച്ചത് ഒമാനെയാണ്.

പ്രവാസികൾക്ക് അവധികാലമടുത്തതോടെ അകാരണമായുള്ള സർവിസ് റദ്ദാക്കൽ നിരവധി പ്രവാസികളെയാണ് വെട്ടിലാക്കിയത്. സലാലയിൽ നിന്നും കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലേക്ക്‌ മാർച്ച്‌ ഒന്നു മുതൽ എക്സ്പ്രസ് സർവിസുകൾ ആരംഭിക്കാനിരുന്നതാണ്. മാസങ്ങളായി നിർത്തി വെച്ചിരുന്ന സർവിസുകളാണിത്‌. എന്നാൽ, സലാലയിൽനിന്ന് മാർച്ച്‌ 28 വരെയുള്ള കൊച്ചി, കോഴിക്കോട് സർവിസുകൾ ഒരു കാരണവുമില്ലാതെ ഘട്ടം ഘട്ടമായി റദ്ദാക്കുകയായിരുന്നു. സലാലയിൽ നിന്നുള്ള മറ്റു വിമാന സർവിസുകൾ തടസ്സമില്ലാതെ നടത്തിവരുന്നുമുണ്ട്‌.

പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യം മുതലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന ടിക്കറ്റ് കൊള്ളയിൽ പ്രവാസികൾക്ക് കടുത്ത പ്രതിഷേധമുണ്ട്. കുറഞ്ഞ നിരക്കിൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുകയും, അതേ വിമാനങ്ങൾ തന്നെ ചാർട്ടേഡ് സർവീസുകളാക്കി മാറ്റി അമിത നിരക്കിൽ ടിക്കറ്റ് വിൽക്കുകയും ചെയ്യുന്ന ‘കള്ളക്കച്ചവടമാണ്’ കമ്പനികൾ നടത്തുന്നതെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്.

നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാർക്ക് വിമാനം റദ്ദാക്കിയെന്ന സന്ദേശം ആദ്യം നൽകും. തുടർന്ന് തുക മടക്കി വാങ്ങാനോ (റീഫണ്ട്​) മറ്റൊരു തീയതിയിലേക്ക് മാറ്റാനോ നിർദ്ദേശിക്കും. എന്നാൽ മറ്റൊരു തീയതി തിരഞ്ഞെടുക്കാൻ നോക്കുമ്പോൾ അടുത്ത ദിവസങ്ങളിലൊന്നും സീറ്റുകൾ ലഭ്യമാകാത്ത വിധം യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ കേരളത്തിലേക്കുള്ള വിദേശ വിമാനക്കമ്പനികളുടെ നിരക്കും കുത്തനെ വർധിച്ചു.

പ്രവാസികളുടെ ഈ ഗുരുതര സാഹചര്യം അറിഞ്ഞിട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകളും നോർക്ക ഉൾപ്പെടെയുള്ള ഏജൻസികളും പുലർത്തുന്ന മൗനം കടുത്ത അവഗണനയാണെന്ന് പ്രവാസി സംഘടനകളും നേതാക്കളും കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Air India Express; Expatriates hopeful of resumption of services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.