മസ്കത്ത്: പ്രവാസികളെ വീണ്ടും ദുരിതത്തിലാക്കി മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ വീണ്ടും റദ്ദാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. മസ്‌കത്തില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വിസുകളും മാര്‍ച്ച് 28 വരെ നേരത്തെ റദ്ദാക്കിയിരുന്നു. ഇതിൽ കണ്ണൂർ സർവിസ് മാത്രമാണ് ഏപ്രിൽ ഒന്നു മുതൽ പുനരാരംഭിക്കുന്നത്. മറ്റു സർവിസുകൾ റദ്ദാക്കിയത് ഏപ്രിൽനാലുവരെ നീട്ടി. അതേസമയം, മസ്കത്തിൽനിന്ന് മുംബൈ, ഡൽഹി സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ തുടരും.
എക്സപ്രസിന്റെ നടപടിക്കെതിരെ പ്രവാസികളിൽ പ്രതിഷേധം ശക്തമാണ്. ഇന്ത്യൻ സർക്കാറും ഇന്ത്യൻ എംബസിയും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കൈരളി ഒമാൻ ആവശ്യപ്പെട്ടു. ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുകയോ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയോ ചെയ്യണം. വിമാനക്കുറവും പ്രവാസികളുടെ യാത്ര പ്രയാസവും പരിഹരിക്കാനുള്ള നടപടിവേണം. വിമാന കമ്പനികളെ പ്രോത്സാഹിപ്പിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ നടപടി വേണം. അസാധാരണ സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാരുകൾ ഇടപെടണം. പരമാവധി നിരക്ക് നിശ്ചയിക്കുന്നത് സാധാരണ യാത്രക്കാരെ സഹായിക്കും. പ്രവാസികൾക്ക് അടിയന്തര യാത്ര ആവശ്യങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ സംവിധാനം സജ്ജമാക്കണം. ഇതിലൂടെ മുൻഗണന ക്രമത്തിൽ യാത്രാ സൗകര്യം നൽകാനാവും. ഇന്ത്യൻ എംബസികളും പ്രവാസി സംഘടനകളും ചേർന്ന് ഹെൽപ് ഡെസ്കുകൾ ആരംഭിച്ച് യഥാർത്ഥ വിവരങ്ങൾ നൽകണമെന്നുംകൈരളി ഒമാൻ ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തിരമായി ഇടപെടാനും കേരളത്തില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടതായി ഒ.ഐ.സി.സി മുന്‍ പ്രസിഡൻ്റ് സിദ്ദിക്ക് ഹസ്സന്‍ പറഞ്ഞു. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെയാണ് നിലവില്‍ സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നത്. ചികിത്സക്കും മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കുമായി നാട്ടിലേക്ക് പോകാനിരിക്കുന്നവരും പെട്ടന്ന് തന്നെ ജോലിയില്‍ തിരികെ എത്തേണ്ടവരടക്കമുള്ളവരാണ് ഇതുവഴി ദുരിതത്തിലായിരിക്കുന്നത്. മറ്റു പ്രവാസി സംഘടനകളില്‍ നിന്നും സജീവമായ ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.