സലാല: ദോഫാറിലെ ഹരിത ഇടങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിന് ഡ്രൈവർക്കെതിരെ നിയമനടപടി. സലാലയിലെ അതീൻ പ്രദേശത്തെ ഹരിതപ്രദേശങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ ആൾക്കെതിരെ പരിസ്ഥിതി അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. അഭ്യാസപ്രകടനത്തിന്റെ വിഡിയോ സഹിതമാണ് അതോറിറ്റി നിയമനടപടി സ്വീകരിക്കുന്നതായി അറിയിച്ചത്. ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി സംരക്ഷണ ഉദ്യോഗസ്ഥർ ഗൾഫ് ലൈസൻസ് പ്ലേറ്റുള്ള ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പച്ചപ്പിന് മുകളിലൂടെ വാഹനമോടിച്ച് പ്രകൃതിദത്ത സസ്യങ്ങൾക്കും ചുറ്റുമുള്ള ഭൂപ്രകൃതിക്കും നാശമുണ്ടാക്കിയതിനെ തുടർന്നാണ് നടപടി.
അതേസമയം, ഖരീഫ് സീസണിൽ ദോഫാറിന്റെ പച്ചപ്പും കുളിരണിയിക്കുന്ന മഴയും ആസ്വദിക്കാനയെത്തുന്നവർ പ്രകൃതിയെ സംരക്ഷിക്കമെന്നാണ് അധികൃതർ ഉണർത്തുന്നത്. പച്ചപ്പ് നിറഞ്ഞ സമതലങ്ങളിലൂടെയും പർവതചരിവുകളിലൂടെയും വാഹനങ്ങൾ ക്രമരഹിതമായി കടന്നുപോകുന്നത് പ്രകൃതിയെത്തന്നെ ദോഷകരമായി ബധിക്കാൻ സാധ്യതയുണ്ട്. പ്രകൃതിയെ കൂട്ടുപിടിച്ച് സസ്യജാലങ്ങളെ സംരക്ഷിച്ചുള്ള ആസ്വാദനത്തിന് എല്ലാവരും മുൻഗണന നൽകണമെന്നാണ് പ്രകൃതിസ്നേഹികൾ ചൂണ്ടിക്കാണിക്കുന്നത്.
ദോഫാർ ഗവർണറേറ്റിൽ മാത്രം 900 ഇനം സസ്യങ്ങളുണ്ട്. ഒമാന്റെ മൊത്തം സസ്യജാലങ്ങളുടെ 64 ശതമാനത്തെ ഇത് പ്രതിനിധീകരിക്കുന്നു. മഴ കിട്ടിത്തുടങ്ങുന്നതോടെ ഈ സസ്യങ്ങൾ തഴച്ചുവളരും. ഇത് ഖരീഫ് സീസണിൽ ഗവർണറേറ്റിനെ പ്രത്യേകിച്ച് ആകർഷകമാക്കുന്നു. അനിയന്ത്രിതമായ വാഹനഗതാഗതത്തിൽനിന്ന് ഈ സുപ്രധാന ഹരിത ഇടങ്ങളെ സംരക്ഷിക്കുന്നതിനായി ദോഫാർ മുനിസിപ്പാലിറ്റി പദ്ധതി തുടങ്ങിയിട്ടുണ്ട്.
ഗവർണറേറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത ആസ്തികളിലൊന്നായ പർവതങ്ങൾ, സമതലങ്ങൾ, ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയിലായി വ്യാപിച്ചുകിടക്കുന്ന സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെയാണ് ഇത് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.