മസ്കത്ത്: വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ ജീവിതത്തെയോ കുടുംബ ജീവിതത്തെയോ ബാധിക്കുന്ന വാർത്തകൾ, ചിത്രങ്ങൾ, കമന്റുകൾ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ പങ്കുവെക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ.
പങ്കുവെക്കുന്ന വിവരങ്ങൾ സത്യമാണെങ്കിൽ പോലും, ബന്ധപ്പെട്ട വ്യക്തിയുടെ മുൻകൂർ അനുമതിയില്ലെങ്കിൽ അത് ശിക്ഷാർഹമായ കുറ്റമാണെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങളിൽ നിയമബോധവൽകരണം ശക്തമാക്കുന്നതിനായി നടത്തുന്ന ‘മിസ്സിംഗ് ലിങ്ക്’ കാമ്പയിനിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ നിയമ മുന്നറിയിപ്പ് നൽകിയത്.
ഒമാൻ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 330 പ്രകാരം ഇത്തരം വ്യക്തിഗത സ്വകാര്യതാ ലംഘനം നടത്തുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങളോ കുടുംബപരമായ വിവരങ്ങളോ അവരുടെ അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.
ഇത് ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. സോഷ്യൽ മീഡിയയും ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും മറ്റുള്ളവരുടെ അന്തസ്സിനും പ്രശസ്തിക്കും സ്വകാര്യതക്കും ഭംഗം വരുത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.