എ.സി.സി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ടൂർണമെന്റിൽ ബംഗ്ലാദേശിനെതിരെ ഒമാൻ താരത്തിന്റെ ബാറ്റിങ്
മസ്കത്ത്: ബംഗ്ലാദേശ് ബൗളർമാർക്ക് മുന്നിൽ ബാറ്റർമാർ ചീട്ടുകൊട്ടാരംപോലെ തകർന്നടിഞ്ഞപ്പോൾ എ.സി.സി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യ കപ്പിന്റെ രണ്ടാം മത്സരത്തിലും ഒമാന്‍ തോല്‍വി. ശ്രീലങ്കയിലെ സിന്‍ഹളീസ് സ്പോര്‍ട്സ് ക്ലബില്‍ നടന്ന മത്സരത്തിൽ ഒമാനെ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 46 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് സ്കോർ ചെയ്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 16.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു.
ടോസ് നേടിയ ഒമാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അയാന് ഖാന് (26), ശുബോ പാല് (25), ശുഹൈബ് ഖാൻ (23), പ്രാജാപതി (22) എന്നിവർ മാത്രമാണ് ഒമാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ഒമ്പത് ഓവറില്‍ 18 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത തന്‍സീം ഹസന് സാകിബ് ആണ് ഒമാൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
റാക്കിബുൽ ഹസ്സൻ, മുഹമ്മദ് ഹസൻ ജോത് എന്നിവർ രണ്ടുവീതം വിക്കറ്റുകളുമെടുത്തു. തന്‍സിദ് ഹസന്റെ അര്‍ധ സെഞ്ച്വറി (49 പന്തില്‍ 68 റണ്‍സ്) പ്രകടനമാണ് ബംഗ്ലാദേശിന് വിജയം എളുപ്പമാക്കിയത്.
സുൽത്താനേറ്റിനുവേണ്ടി ക്യാപ്റ്റന്‍ ആഖിബ് ഇല്യാസ് രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഒമാന്‍ അഫ്ഗാനിസ്താനോട് പരാജയപ്പെട്ടിരുന്നു. ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തിൽ 18ന് ആതിഥേയരായ ശ്രീലങ്കയെ ഒമാൻ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.