ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കൊല്ലം സ്വദേശിയയായ യുവാവിനെ സന്ദീപ് വാര്യർ, ബദൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽ എം.ഡി അബ്ദുൽ ലത്വീഫ് ഉപ്പള തുടങ്ങിയവർ സന്ദർശിച്ചപ്പോൾ
മസ്കത്ത്: വൃക്കരോഗിയായി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കൊല്ലം പ്രവാസിയായ യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു. മൂന്ന് മാസം മുമ്പാണ് മസ്കത്തിലെ ബദർ അൽ സമ ആശുപത്രിയിൽ ചികിത്സ തേടി മഹേഷ് കുമാർ എത്തുന്നത്. തനിച്ച് അൽഖൂദ് ആശുപത്രിയിൽ ചികിത്സക്കെത്തിയശേഷമാണ് അന്വേഷിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്ന് ആശുപത്രി അധികൃതർ മനസ്സിലാക്കുന്നത്. തുടർന്ന് കെ.എം.സി.സി ഭാരവാഹിയായ പി.ടി.കെ ഷമീറിന്റെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്താനും നിയമസഹായം ലഭ്യമാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചു.
അസുഖം മൂർചിച്ച് മഹേഷ് കുമാറിനെ റുവി ബദർ അൽസമാ ആശുപത്രിയിലേക്ക് മാറ്റിയതു മുതൽ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഡയലിസിസിന് വിധേയനാകുന്ന മഹേഷ് കുമാറിന് ദിവസേന ഭീമമായ തുകയാണ് ചെലവ് വരുന്നത്. ബന്ധുക്കളെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സഹായത്തോടെ മറ്റേതെങ്കിലും അഗതി മന്ദിരങ്ങളിലേക്ക് മാറ്റുന്ന കാര്യങ്ങൾ ആരാഞ്ഞിട്ടുണ്ട് പി.ടി.കെ. ഷമീർ പറഞ്ഞു.
ചികിത്സക്ക് പണം എങ്ങനെയെങ്കിലും കണ്ടെത്താം കഴിയുമെന്ന പ്രത്യാശയിലും ആവശ്യമായ ചികിത്സ ഉടനെ നൽകണം എന്ന നിർദേശം ആശുപത്രി അധികൃതർ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മഹേഷ് വെന്റിലേറ്ററിന്റെ സഹായത്തോടെ ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽനിന്നും നേരിയ പുരോഗതി വന്നതിനു ശേഷം സ്ട്രെച്ചർ സപ്പോർട്ടോടു കൂടി നാട്ടിലെത്തിക്കാനാണ് ആലോചിക്കുന്നത്.
കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, ബദൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽ എം.ഡി അബ്ദുൽ ലത്വീഫ് ഉപ്പള തുടങ്ങിയവർ കഴിഞ്ഞ ദിവസം മഹേഷിനെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അനാഥനായ മഹേഷ്കുമാറിന്റെ ചികിത്സക്കും മടക്കയാത്രക്കും ആവശ്യമായ കാര്യങ്ങൾ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും എംബസി അധികൃതർ നടപടി കൈക്കൊള്ളും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണെന്നും ഷമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.