ന്യൂഡൽഹിയിൽ ഒമാൻ എംബസി സംഘടിപ്പിച്ച ചരിത്ര സിംപോസിയത്തിൽനിന്ന്
മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ഒമാൻ എംബസി ചരിത്ര, സാംസ്കാരിക സിംപോസിയം സംഘടിപ്പിച്ചു. ജാമിഅ മില്ലിയയയുമായി സഹകരിച്ചു നടന്ന പരിപാടിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള 5,000 വർഷത്തിലേറെ പഴക്കമുള്ള ദീർഘകാല വാണിജ്യ, സാംസ്കാരിക ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. സമുദ്ര വ്യാപാരം സുഗമമാക്കുന്നതിൽ മസ്കത്ത്, സുഹാർ, ഖൽഹാത്ത് എന്നിവയുൾപ്പെടെയുള്ള ഒമാനി തുറമുഖങ്ങളുടെ ചരിത്രപരമായ പങ്ക്, ഭാഷ, കല, വാസ്തുവിദ്യ എന്നിവയിൽ സാംസ്കാരിക വിനിമയങ്ങളുടെ സ്വാധീനം, ഒമാനിൽ ബഹുസ്വരതയും മതസഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യൻ സമൂഹങ്ങളുടെ പങ്ക് എന്നിവ സിമ്പോസിയം പരിശോധിച്ചു.
തന്റെ സേവന കാലയാളിൽ ഒമാനിൽനിന്നുണ്ടായ അനുഭവങ്ങളെ കുറിച്ച് സുൽത്താനേറ്റിലെ മുൻ അംബാസഡർ അശോക് കുമാർ ആട്രി പങ്കുവെച്ചു,സുൽത്താനേറ്റിൽ ഇന്ത്യൻ കുടുംബങ്ങൾ സ്ഥിരതാമസമാക്കിയതിന്റെ കാരണങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ ശക്തിയെ പറ്റിയും അദ്ദേഹം സംസാരിച്ചു. ഒമാനി-ഇന്ത്യൻ ബന്ധങ്ങളുടെ ചരിത്രപരമായ ആഴത്തെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഫോർ വേൾഡ് അഫയേഴ്സിന്റെ ഡയറക്ടർ ജനറൽ പ്രശാന്ത് ബിസിഹ് സംസാരിച്ചു.ഈ ബന്ധങ്ങളുടെ അടിത്തറ സൗഹൃദം, പരസ്പര പ്രയോജനം, സഹവർത്തിത്വം എന്നിവയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘ഒമാനി-ഇന്ത്യൻ ബന്ധങ്ങളുടെ ചരിത്രവും മതപരമായ ബഹുസ്വരതയും മറ്റു വിദിരിച്ചുള്ള ഗവേഷണ പ്രബന്ധവും അദ്ദേഹം അവതരിപ്പിച്ചു.
അറേബ്യൻ ഗൾഫിന്റെ സ്ഥിരം പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ തന്ത്രപരമായ പങ്കിനെക്കുറിച്ചും പരസ്പര താൽപര്യങ്ങളും നാഗരിക വിനിമയവും വളർത്തിയെടുക്കുന്ന വൈവിധ്യമാർന്ന ജനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും ഡോ. സൗദ് ബിൻ അബ്ദുല്ല അൽ സദ്ജലി ‘പാശ്ചാത്യ, കിഴക്കൻ വീക്ഷണ കോണുകളിൽ നിന്നുള്ള ബന്ധങ്ങളുടെ ശക്തിയുടെ ചരിത്രപരമായ കാരണങ്ങൾ’ എന്ന പ്രബന്ധവും അവതരിപ്പിച്ചു.
സാംസ്കാരികവും ശാസ്ത്രീയവുമായ സംഭാഷണങ്ങൾ തുടരേണ്ടതിന്റെയും, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും, സഹകരണത്തിന്റെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന്യം ഊന്നി പറഞ്ഞാണ് സമ്പോസിയം അവസാനിച്ചത്. ഇന്ത്യൻ ഉദ്യോഗസ്ഥർ, ഒമാനിലെ മുൻ അംബാസഡർമാർ, അക്കാദമിക് വിദഗ്ധർ, ഇരു രാജ്യങ്ങളും തമ്മിലുള്ള സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങളിൽ താൽപര്യമുള്ള വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.