മസ്കത്ത്: രാജ്യത്തെ സ്റ്റാർ ഹോട്ടലുകളിൽ (ത്രീ, ഫോർ) ഈ വർഷത്തിന്റെ ആദ്യപാദത്തിൽ എത്തിയത് 5,23,494 അതിഥികൾ. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. ഈ ഹോട്ടലുകളുടെ വരുമാനം 49.9 ശതമാനം വർധിച്ച് 73,326 ദശലക്ഷമായി ഉയർന്നു.
ജബൽ അഖ്ദൽ ഈ വർഷം ആദ്യ പാദത്തിൽ 31,335 ആളുകളാണ് സന്ദർശിച്ചത്. മുൻവർഷം ഇതേ കാലയളവിലിത് 32,250 ആളുകളായിരുന്നു. കഴിഞ്ഞ വർഷത്തിന്റെ ആദ്യപാദത്തിൽ റാസൽ ജിൻസിൽ 3177 സന്ദർശകരായിരുന്നു എത്തിയതെങ്കിൽ ഈ വർഷമിത് 16,033 ആളുകളായി ഉയർന്നു.
കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ ഏകദേശം 2.9 ദശലക്ഷം സന്ദർശകരാണ് ഒമാനിലെത്തിയത്. മുൻവർഷവുമായി താരതമ്യംചെയ്യുമ്പോൾ 348.2 ഉയർച്ചയാണ് രേഖപ്പെടുത്തിയത്.
2022ൽ ഒമാനിലെ ഹോട്ടലുകളുടെ ആകെ വരുമാനം 186 ദശലക്ഷം റിയാലിലുമെത്തി. സാമ്പത്തിക വൈവിധ്യവത്കരണത്തിനും മൊത്ത ആഭ്യന്തര ഉൽപാദനത്തിനുമുള്ള (ജി.ഡി.പി) സംഭാവനയുടെ സുപ്രധാന ഉറവിടമായി ടൂറിസം മേഖല മാറുകയും ചെയ്തു. 2021ലെ കോവിഡ് മഹാമാരി സാഹചര്യങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തെ ടൂറിസം മേഖലയുടെ പ്രകടനം പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറത്തായിരുന്നുവെന്ന് പൈതൃക ടൂറിസം മന്ത്രാലയത്തിലെ പൈതൃകം അണ്ടർ സെക്രട്ടറി എൻജിനീയർ ബ്രാഹിം സഈദ് അൽ ഖറൂസി പറഞ്ഞു.
ആളുകൾ വീടുകളിൽനിന്ന് പുറത്തിറങ്ങി യാത്ര ചെയ്യാനുമുള്ള താൽപര്യം പ്രകടിപ്പിച്ചതും വിനോദസഞ്ചാരികൾക്കായി സുൽത്താനേറ്റിൽ ഒരുക്കിയ സൗകര്യങ്ങളുമാണ് ഇതിന് സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.