മസ്കത്തിൽ നടന്ന അയൺമാൻ 70.3 എട്ടാം എഡിഷനിൽ പങ്കെടുത്ത മലയാളി റൈഡേഴ്സ് ടീമംഗങ്ങൾ
മസ്കത്ത്: ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും, കടുപ്പമേറിയതുമായ കായിക മത്സരങ്ങളിൽ ഒന്നായ അയൺമാനിന്റെ 70.3 എട്ടാം എഡിഷൻ പൂർത്തിയായപ്പോൾ മസ്കത്തിലെ സൈക്ലിങ്, ഫിറ്റ്നസ് പ്രേമികളുടെ കൂട്ടായ്മയായ ‘മലയാളി റൈഡേഴ്സി’ന് അഭിമാന നേട്ടം. കൂട്ടായ്മയിലെ ഒമ്പത് അംഗങ്ങളാണ് കഠിനമായ കായികപരീക്ഷണം വിജയകരമായി ലക്ഷ്യം പൂർത്തിയാക്കി മെഡലുകൾ നേടി. വ്യക്തിഗത ഇനത്തിലാണ് മത്സരിച്ചു നേട്ടം വെട്ടിപിടിച്ചതെന്നത് ഇരട്ടിമധുരമേകി. 1.9 കിലോമീറ്റർ ആഴക്കടലിലൂടെ ഉള്ള നീന്തൽ, തൊണ്ണൂറ് കിലോമീറ്റർ സൈക്ലിങ്, 21 കി.മീ. ഓട്ടം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയമായ എട്ടര മണിക്കൂറിൽ പൂർത്തിയാക്കിയാൽ മാത്രമേ അയൺമാൻ പട്ടം ലഭിക്കുകയുള്ളു. മാത്രമല്ല, ഓരോ ഇനത്തിലും നിശ്ചയിച്ചിട്ടുള്ള സമയത്തിനുള്ളിലും ഓരോന്നും പൂർത്തിയാക്കണം.
മസ്കത്തിൽ പ്രവാസ ജീവിതം നയിക്കുന്ന വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഈ അത്ലറ്റുകൾ കഠിനമായ പരിശീലനത്തിലൂടെയാണ് ലക്ഷ്യം കൈവരിച്ചത്. ചാലക്കുടി സ്വദേശി ഐഡ റോസ് ദീപു, വയനാട് സ്വദേശി വിഷ്ണു, കണ്ണൂർ സ്വദേശികളായ സുജിത്, വിനീഷ് മാത്യു, മലപ്പുറം സ്വദേശി അൻവർ സാദത്ത്, മുഹമ്മദ് അലി, വടകര സ്വദേശി ഷൺജിത് , ആലപ്പുഴ സ്വദേശികളായ സുധീർ, മച്ചു, തൃശൂർ സ്വദേശി ജോൺ പോൾ എന്നിവർ ആണ് എന്നിവരാണ് കഠിനമായ കായിക പരീക്ഷണത്തെ നിശ്ചയ ദാർഢ്യം കൊണ്ട് മറികടന്നത്. ഇതിൽ മച്ചു ഈയിടെ സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന ഫുൾ അയേൺ മാനിലും കിരീടം ചൂടിയിരുന്നു.
‘അയേൺമാൻ പൂർത്തിയാക്കുക എന്നത് ഒരു വലിയ സ്വപ്നമായിരുന്നെന്നും കഠിന പരിശീലനത്തിലൂടെ അത് നേടിയെടുത്തതിലും മലയാളികളെന്ന നിലയിൽ അഭിമാനമുണ്ടെന്ന് മലയാളി റൈഡേഴ്സ് അംഗം ഐഡ റോസ് ദീപു പറഞ്ഞു. മസ്കത്തിലെ എട്ടുവർഷത്തെ അയേൺ മാൻ ചരിത്രത്തിൽ ലക്ഷ്യം കൈവരിക്കുന്ന ആദ്യ മലയാളി വനിതകൂടിയാണ് ഐഡ റോസ് ദീപു.
കൂട്ടായ പരിശ്രമത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ശക്തിയുടെയും തെളിവാണ് ഈ വിജയമെന്നും അതോടൊപ്പം കൂടുതൽ ആളുകളെ ഇത്തരം കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുക കൂടി ഞങ്ങളുടെ ലക്ഷ്യമാണെന്ന് മറ്റൊരു അംഗവും ജേതാവുമായ സുജിത് പറഞ്ഞു.
മസ്കത്തിൽ നടക്കുന്ന അയേൺമാനിൽ ഓരോവർഷവും മലയാളികളുടെ സാന്നിധ്യം വർധിച്ചുവരുന്നത് ഏറെ സന്തോഷകരമാണെന്നും മലയാളി റൈഡേഴ്സ് അംഗങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.