ഇറാനിൽനിന്ന് ഒമാനി പൗരന്മാരെ തിരിച്ചെത്തിക്കുന്നു
മസ്കത്ത്: ഇറാനിൽ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി വിദേശകാര്യ മന്ത്രാലയം. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒമാനി പൗരന്മാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടെ 245 വ്യക്തികളെ നിലവിൽ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തെഹ്റാനിലെ ഒമാൻ എംബസിയുമായി ഏകോപിപ്പിച്ചാണ് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നതെന്നും തെക്കൻ ഇറാനിലെ ഒരു പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് വഴിയാണ് പ്രവാസികളുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി, ഇറാന്റെ വടക്കൻ പ്രദേശങ്ങളിൽനിന്നുള്ള പൗരന്മാരെ തുർക്കിയ അതിർത്തി കടന്നുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് പത്ത് ബസുകൾ ക്രമീകരിച്ചു. ഇറാഖ് ഷാലംചെ അതിർത്തി പോയന്റിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി മൂന്ന് ബസുകളും ഒരുക്കിയിട്ടുണ്ട്. അയൽരാജ്യങ്ങളിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിച്ച് അവരുടെ തിരിച്ചുവരവ് വേഗത്തിലാക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാനിയൻ അധികൃതരുടെ സഹകരണത്തിന് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിക്കുകയും സുൽത്താനേറ്റിലേക്കുള്ള എല്ലാ പൗരന്മാരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ 24 മണിക്കൂറും ശ്രമങ്ങൾ തുടരാനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.