അടിസ്ഥാന സൗകര്യ ഫണ്ട്; മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് പത്ത് റിയാല്‍ ഈടാക്കും

മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് ഈ വര്‍ഷം മുതല്‍ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലേക്ക് ഓരോ വര്‍ഷവും പത്ത് റിയാല്‍ വീതം ഈടാക്കും. പുതിയ സ്കൂളുകളുടെ കെട്ടിടനിര്‍മാണം, മസ്കത്ത് അടക്കം സ്കൂളുകളുടെ പഴയ കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം എന്നിവക്കാണ് ഈ ഫണ്ട് ഉപയോഗപ്പെടുത്തുക. 
പല ഇന്ത്യന്‍ സ്കൂള്‍ കെട്ടിടങ്ങളും പുതുക്കിപ്പണിയാനോ പുനര്‍നിര്‍മിക്കാനോ സമയമടുത്ത സാഹചര്യത്തിലാണ് ഈ വര്‍ഷം മുതല്‍ അടിസ്ഥാനസൗകര്യ വികസന ഫണ്ട് രൂപവത്കരിച്ചതെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെര്‍മാന്‍ വില്‍സന്‍ വി. ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ക്രമേണ മറ്റ് സ്കൂള്‍ വിദ്യാര്‍ഥികളും ഈ ഫണ്ട് നല്‍കേണ്ടിവരും. 
ഇപ്പോള്‍ ഈ ഫണ്ട് അല്‍ അന്‍സാബ് ഇന്ത്യന്‍ സ്കൂള്‍ നിര്‍മാണത്തിനാണ് വിനിയോഗിക്കുക. അല്‍ അന്‍സാബില്‍ 4000 കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. അല്‍ അന്‍സാബില്‍ എല്ലാ സൗകര്യത്തോടെയുമുള്ള സ്കൂളാണ് ഉയര്‍ന്നുവരുന്നത്. 
ഇതിന് 50 ലക്ഷം റിയാലെങ്കിലും ചെലവ് വരും. ഇത്രയും തുക വായ്പയെടുത്താല്‍ പലിശയിനത്തില്‍തന്നെ നല്ല സംഖ്യ തിരിച്ചടക്കേണ്ടിവരും. മാത്രമല്ല, ബാങ്ക് വായ്പ എടുക്കുന്നതിനും ഏറെ പരിമിതികളുണ്ട്. ഇന്ത്യന്‍ സ്കൂളില്‍നിന്ന് പിരിച്ചെടുത്താലും ഈ തുകയുടെ ചെറിയൊരു ഭാഗം മാത്രമേ വരുകയുള്ളൂവെന്നും ചെയര്‍മാന്‍ പറഞ്ഞു. അതോടൊപ്പം സംഭവനകളും സ്വീകരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കളുടെകൂടി അംഗീകാരത്തോടെ പുതിയ ഫണ്ട് രൂപവത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
അല്‍ അന്‍സാബിലെ സ്ഥലം സ്കൂള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കിയതാണ്. 2012 ലാണ് സ്ഥലം അനുവദിച്ചത്. ഇതുവരെ കെട്ടിടനിര്‍മാണം വൈകിയതിന്‍െറ പ്രധാന കാരണവും സാമ്പത്തികപ്രശ്നം തന്നെയാണ്. ഇനിയും കെട്ടിടനിര്‍മാണം വൈകിയാല്‍ സ്ഥലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
അക്കാലത്ത് ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലെ രക്ഷിതാക്കള്‍ ഓരോ വര്‍ഷവും പത്ത് റിയാല്‍ വീതം കെട്ടിടനിര്‍മാണ ഫണ്ടിലേക്ക് രക്ഷിതാക്കള്‍ നല്‍കിയിരുന്നു. അഞ്ചുവര്‍ഷക്കാലം അവര്‍ പത്ത് റിയാല്‍ വീതം നല്‍കിയിരുന്നു. മുന്‍ കാലങ്ങളില്‍ സ്കൂളുകളില്‍ അധിക ഫണ്ടുണ്ടായിരുന്നു. അതില്‍നിന്ന് പല പദ്ധതികള്‍ക്കും എടുക്കാറുമുണ്ടായിരുന്നു. എന്നാല്‍, അടുത്ത ഏതാവും വര്‍ഷമായി പല സ്കൂളുകളിലും മിച്ചമൊന്നുമുണ്ടാവുന്നില്ല. ചെലവ് വര്‍ധിച്ചതാണ് ഇതിന് കാരണം. മാത്രമല്ല, സ്കൂള്‍ ഫീസ് വകയില്‍ കിട്ടുന്ന സംഖ്യ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും പരിമിതിയുണ്ട്. 
ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിന്‍െറ ചില കെട്ടിടങ്ങള്‍ ഏറെ പഴക്കം ചെന്നവയാണ്. ഇവയില്‍ ചിലത് അടുത്തുതന്നെ പൊളിച്ചു മാറ്റേണ്ടിവരും. ഇതിനും വന്‍ സംഖ്യ ചെലവ് വരും. 
ആദ്യ കാലങ്ങളില്‍ പലരും സംഭാവന നല്‍കിയാണ് കെട്ടിടം ഉയര്‍ന്നുവന്നത്. രക്ഷിതാക്കളില്‍നിന്ന് കെട്ടിട ഫണ്ടൊന്നും ഈടാക്കിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഇത് അനിവാര്യമായി വന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.