മസ്കത്ത്: തെരുവുകളിലും മറ്റും കുട്ടികളുമായി പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും ശ്രമിക്കുന്ന സ്ത്രീക്കെതിരെ സ്കൂള്‍ അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഒമ്പത് സംഭവങ്ങളാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ശാത്തി അല്‍ ഖുറത്തെ താമസിയിടത്തിലുള്ള രക്ഷിതാക്കളും സ്ത്രീയെ പറ്റി പരാതിപ്പെട്ടിരുന്നു.
മദീന സുല്‍ത്താന്‍ ഖാബൂസിലെ സ്കൂള്‍ അധികൃതരില്‍നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീ ഇന്‍റര്‍നെറ്റ് അക്കൗണ്ട് വഴിയും കുട്ടികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഈ സ്ത്രീ കുട്ടികളെ സമീപിക്കുന്നത് കണ്ടാല്‍ 24600099, 24695290 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
കുട്ടികള്‍ സുരക്ഷിതമായ ഇടങ്ങളില്‍ കഴിയണമെന്നും ഇന്‍റര്‍നെറ്റ്, സമൂഹ മാധ്യമങ്ങള്‍ എന്നിവയുടെ സുരക്ഷയും സ്വകാര്യതയും ഉന്നത നിലവാരത്തിലുള്ളതാവണമെന്നും സ്കൂള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ‘അപരിചിതര്‍ അപകടകാരികള്‍’ എന്ന സന്ദേശം വീടുകളില്‍ കുട്ടികള്‍ക്ക് നല്‍കണമെന്നും മുന്നറിയിപ്പിലുണ്ട്.
ഒമാനും മസ്കത്തും ഏറെ സുരക്ഷിതമായ സ്ഥലമാണെങ്കിലും അപരിചിതരോട് സംസാരിക്കരുതെന്നും അപരിചിതരില്‍നിന്ന് ഒരു ആനുകൂല്യവും നേടരുതെന്നും കുട്ടികളെ ബോധവന്മാരാക്കണം. ഇത്തരം പരിശീലനങ്ങള്‍ വീട്ടില്‍നിന്ന് നല്‍കണം. അപകടകരമായ സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്നും കുട്ടികള്‍ക്ക് പരിശീലനം നല്‍കണം.
വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഖുറത്ത് 12 വയസ്സുകാരനെ അപരിചിതയായ സ്ത്രീ സമീപിച്ചിരുന്നു. ഇവര്‍ താമസിക്കുന്ന വീടിന്‍െറ ചുറ്റുമതിലിന് അകത്തുവെച്ചാണ് കുട്ടിയുമായി പരിചയപ്പെടാന്‍ ശ്രമിച്ചതെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. വൈകുന്നേരം ആറരക്കും ഏഴിനുമിടക്കാണ് സംഭവം. സമാനമായ അനുഭവം മറ്റൊരു കുട്ടിക്കുകൂടിയുണ്ടായതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. സ്ത്രീക്ക് 40നടുത്ത് പ്രായമുള്ളതായി കുട്ടി പറയുന്നു.
കുട്ടിയോട് സൗഹൃദം നടിച്ച് സ്കൂള്‍ ഇയര്‍ ബുക്ക് ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ വീടുകളുടെ വാതിലില്‍ മുട്ടിയും സ്കൂള്‍ ഇയര്‍ ബുക്ക് ആവശ്യപ്പെടുന്നുണ്ട്. തന്‍െറ കുട്ടിയെ ഇത്തരം സ്കൂളില്‍ ചേര്‍ക്കാനാണിതെന്ന വിശദീകരമാണ് സ്ത്രീ കുട്ടികള്‍ക്ക് നല്‍കുന്നത്.
ഒമാനില്‍ കഴിയുന്ന പല കുടുംബങ്ങളും സംഭവത്തില്‍ ആശ്ചര്യപ്പെടുകയാണ്. ഏറെ സമാധാനപരമായ ജീവിത സാഹചര്യമുള്ള ഒമാനില്‍ ഇത്തരം സംഭവങ്ങള്‍ ആദ്യമായാണെന്ന് ചില കുടുംബങ്ങള്‍ പറയുന്നു. ഇത്തരം സംഭവങ്ങളുണ്ടായാല്‍ പൊലീസില്‍ അറിയിക്കണമെന്ന് സ്കൂള്‍ അധികൃതരും രക്ഷിതാക്കളോട് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.