ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ:  ഇന്ത്യന്‍ ഭക്ഷ്യമേള 15 മുതല്‍

മസ്കത്ത്: ഇന്ത്യന്‍ എംബസിയുടെ കീഴില്‍ നവംബര്‍ മുതല്‍ നടന്നുവരുന്ന ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ പരിപാടിയുടെ സമാപനം കുറിച്ചുള്ള ഭക്ഷണമേള ഈ മാസം 15ന് ആരംഭിക്കും. ഇന്ത്യന്‍ രുചിഭേദങ്ങളെ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള 19 വരെ ഗ്രാന്‍റ്ഹയാത്ത് ഹോട്ടലിലാണ് നടക്കുകയെന്ന് അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഇന്ത്യയും ഒമാനും തമ്മിലെ സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. ഇതുവഴി പാരമ്പര്യത്തിനും സംസ്കാരത്തിനും പുറമെ ഇന്ത്യന്‍ ഭക്ഷണശീലങ്ങളും ഒമാനികള്‍ക്ക് സുപരിചിതമാണ്. മസ്കത്തിലും പരിസരത്തുമുള്ള നൂറുകണക്കിന് ഇന്ത്യന്‍ റസ്റ്റാറന്‍റുകളും ഇന്ത്യന്‍ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ ഒമാനികള്‍ക്കും വിദേശികള്‍ക്കും അവസരമൊരുക്കുന്നതാണ്. ഇവയില്‍നിന്നെല്ലാം വ്യത്യസ്തമായി അധികമായ പ്രചാരത്തിലില്ലാത്ത കശ്മീരി, ബംഗാളി, ഗുജറാത്തി, രാജസ്ഥാനി രുചികളാകും ഭക്ഷ്യമേളയില്‍ ലഭ്യമാക്കുകയെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ ഭക്ഷണപ്രേമികള്‍ക്ക് വ്യത്യസ്തങ്ങളായ രുചികളൊരുക്കാന്‍ ഇന്ത്യ ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ തെരഞ്ഞെടുത്ത രണ്ട് പാചക വിദഗ്ധരും മസ്കത്തിലത്തെുന്നുണ്ട്. ഹൈദരാബാദിലെ ദി അശോകിലെ ഷെഫും ഇന്ത്യന്‍ സര്‍ക്കാരിന്‍െറ ഒൗദ്യോഗിക പരിപാടികള്‍ക്ക് വിരുന്നൊരുക്കുന്നയാളുമായ വിക്രം ഷൊകീന്‍,, ഹോട്ടല്‍ സാമ്രാട്ടിലെ മാസ്റ്റര്‍ ഷെഫ് മുഹമ്മദ് ഇമ്രാന്‍ ഹസ്ബീന്‍ എന്നിവരാണ് ഇവര്‍. ഗ്രാന്‍റ്ഹയാത്തിലെ ഷെഫുമാര്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ വിഭവങ്ങള്‍ തയാറാക്കും. 15ന് രാത്രി 7.30നാണ് ഭക്ഷ്യമേളയുടെ ഉദ്ഘാടന ചടങ്ങുകള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം ആറര മുതലായിരിക്കും ഭക്ഷ്യമേളയിലേക്കുള്ള പ്രവേശനം. 
ഇന്ത്യയും ഒമാനും തമ്മിലെ സൗഹൃദത്തില്‍ പുതിയ നാഴികക്കല്ല് തീര്‍ത്താണ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ സമാപിക്കുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ഇത് സഹായകരമായിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ സഹായിച്ചതായും ഇന്ദ്രമണി പാണ്ഡെ പറഞ്ഞു. കഴിഞ്ഞ നവംബര്‍ 15ന് അല്‍ ബുസ്താന്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയാണ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ പരിപാടി ഉദ്ഘാടനം ചെയ്തത്. ‘ഹൃതാല്‍’ ബാലെ നൃത്ത ട്രൂപ്പിന്‍െറ നൃത്തം, കാലിഗ്രഫി പ്രദര്‍ശനം, പദ്മശ്രീ സോമാ ഘോഷിന്‍െറ സംഗീത കച്ചേരി, ജമ്മു-കശ്മീരില്‍നിന്നുള്ള നാടോടിനൃത്ത പരിപാടി എന്നിവയാണ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി നടന്നത്. മസ്കത്തിന് പുറമെ സലാല, സൊഹാര്‍, സൂര്‍ എന്നിവിടങ്ങളിലും നൃത്തപരിപാടികള്‍ നടന്നിരുന്നു. ഗ്രാന്‍റ്ഹയാത്ത് ഹോട്ടല്‍ അധികൃതരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.