???? ?????? ????????? ????????? ??????? ???????? ??????? ?????????????????

ആഘോഷങ്ങളുടെ നിറംകെടുത്തി അപകടങ്ങള്‍

മസ്കത്ത്: ആഘോഷങ്ങളുടെ നിറം കെടുത്തുന്ന അപകടങ്ങള്‍ ഈ പെരുന്നാള്‍ അവധിക്കാലത്തും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒമാനിലെ ഓരോ പെരുന്നാള്‍ പൊതു അവധിയും അപകട വാര്‍ത്തകളുമായാണ് കടന്നുപോവുന്നത്. ഓരോ അവധിക്കാലം തുടങ്ങുമ്പോഴും അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടാറുണ്ട്. റോഡിലും വെള്ളത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കാറുണ്ട്. എന്നാല്‍, എത്രയേറെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അശ്രദ്ധ അപകടത്തിലേക്ക് വഴിമാറുകയാണ്. ആഘോഷവേളയിലെ അപകടങ്ങള്‍ക്ക് കൂടുതല്‍ ഇരയാവുന്നത് പ്രവാസികളാണ്. മുന്‍കാലങ്ങളില്‍ ആഘോഷവേളകളില്‍ റോഡപകടങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി ഒമാനില്‍ മുങ്ങി മരണങ്ങളും വര്‍ധിക്കുകയാണ്.

ജഅ്ലാന്‍ ബനീ ബുആലിക്കടുത്ത് അല്‍ സുവൈഹ് ബീച്ചില്‍ ബുധനാഴ്ച കുളിക്കാനിറങ്ങിയ മൂന്നുപേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. രണ്ടുപേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമനെ ഇതുവരെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ചയും തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വെള്ളിയാഴ്ച തിരച്ചില്‍ തുടരും. രക്ഷപ്പെട്ട രണ്ടുപേരും ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.
അപകടം പതിയിരിക്കുന്ന വാദീ ബനീ ഖാലിദും വാദീ ശാബും സന്ദര്‍ശിക്കുന്നവര്‍ കൈക്കൊള്ളേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ ഇത്തരം ബോര്‍ഡുകള്‍ വായിക്കുക പോലും ചെയ്യാറില്ല.   ഏറെ ആഴമുള്ളതാണ് വാദീ ബനീഖാലിദ് ജലാശയം. തെളി നീരായതിനാല്‍ ഇതിന്‍െറ ആഴം കണക്കാക്കാന്‍ കഴിയില്ല. നല്ല നീന്തല്‍ വിദഗ്ധര്‍ക്കും മുങ്ങല്‍ക്കാര്‍ക്കും മാത്രമെ ഇവിടെ ചാടി കുളിക്കാന്‍ കഴിയുകയുള്ളൂ. നന്നായി നീന്തല്‍ അറിയാത്തവര്‍ ഇവിടെ ചാടിയാല്‍ കാല്‍ തളരാനും കുഴയാനും സാധ്യതയുണ്ട്. കാല്‍ തെറ്റിയാല്‍ തടാകത്തിന്‍െറ ആഴത്തില്‍ പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ നീന്തല്‍ അറിയാത്തവര്‍ തടാകത്തിന് സമീപത്തിലൂടെയുള്ള നടത്തവും ഒഴിവാക്കേണ്ടതാണ്. മുന്‍ വര്‍ഷങ്ങളില്‍ സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ ഈ രണ്ട് തടാകങ്ങളിലും മുങ്ങി മരിച്ചിരുന്നു. തടാകങ്ങളുടെ ഭൂമിശാസ്ത്രം അറിയാത്തതും വേണ്ടത്ര നീന്തല്‍ അറിയാത്തതുമാണ് അപകട കാരണം. കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ട രണ്ടുപേരും നീന്തല്‍ അറിയാത്തവരാണ്. രണ്ടുപേരും കാല്‍ വഴുതി വീണാണ് ദുരന്തമുണ്ടായത്.

വാദി ബനീ ഖാലിദില്‍ അപകടത്തില്‍പെട്ട തിരുവനന്തപുരം സ്വദേശിക്ക് ഒപ്പം മറ്റ് രണ്ടുപേര്‍ കൂടി അപകടത്തില്‍പെട്ടെങ്കിലും ഇവരെ സ്വദേശികള്‍ രക്ഷിക്കുകയായിരുന്നു. സലാലയിലും കഴിഞ്ഞ വര്‍ഷം രണ്ട് യു.എ.ഇ പൗരന്മാര്‍ കടലില്‍പെട്ടിരുന്നു.
ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇവരുടെ മൃതദേഹം പോലും ലഭിച്ചിട്ടില്ല. ഒമാന്‍ കടലിന്‍െറ പല ഭാഗങ്ങളും ഏറെ അപകടം നിറഞ്ഞതാണ്. നീന്താനും മറ്റുമായി കടലിലിറങ്ങുന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍  555 മുങ്ങല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015ല്‍ 113ഉം 2014ല്‍ 150ഉം 2013ല്‍ 292ഉം രക്ഷാസഹായ അഭ്യര്‍ഥനകളാണ് സിവില്‍ ഡിഫന്‍സ്  പൊതു അതോറിറ്റിക്ക് ലഭിച്ചത്.
പൊതു അവധി ദിവസങ്ങളില്‍ റോഡപകടങ്ങളും സാധാരണമാണ്. സീഖില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്നുപേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത് മസ്കത്ത് -സലാല റൂട്ടിലാണ്.

കഴിഞ്ഞ വര്‍ഷം ചെറിയ പെരുന്നാള്‍ ദിനത്തില്‍ മസ്കത്ത് സലാല റോഡില്‍ അപകടം നടന്നിരുന്നു. രണ്ട് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരാണ് അന്ന് മരിച്ചത്. സലാലയിലേക്ക് പോവുകയായിരുന്ന ലുലു ഗ്രൂപ് ജീവനക്കാര്‍ സഞ്ചരിച്ച ബസും സലാലയില്‍നിന്ന് തിരിച്ചുവരുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്.സലാല റൂട്ടില്‍ മുന്‍ വര്‍ഷങ്ങളില്‍ എല്ലാ ആഘോഷക്കാലത്തും അപകടങ്ങള്‍ ഉണ്ടാവാറുണ്ട്. വിദേശികളും സ്വദേശികളുമായ നിരവധി ജീവനുകളാണ് ഈ റൂട്ടില്‍ പൊലിഞ്ഞത്. അപകടങ്ങള്‍ അധികവും നടക്കുന്നത് അര്‍ധരാത്രിക്ക് ശേഷമാണ്. അമിതവേഗം ഒഴിവാക്കുകയും വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുകയും ചെയ്താല്‍ അപകടം കുറക്കാവുന്നതാണ്. ചെറിയ വാഹനങ്ങളിലെ യാത്രയും രാത്രി വാഹനമോടിക്കലും ഒഴിവാക്കുന്നത് അപകടം കുറക്കാന്‍ സഹായിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.