മസ്കത്ത്: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം അല്‍ ഹൂത്ത ഗുഹയിലെ വിസ്മയക്കാഴ്ചകളുടെ വാതിലുകള്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. ദാഖിലിയ ഗവര്‍ണര്‍ ഡോ. ശൈഖ് ഖലീഫാ ബിന്‍ ഹമദ് അല്‍ സാദിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഒമാന്‍ ടൂറിസം ഡെവലപ്മെന്‍റ് കമ്പനി (ഒംറാന്‍) ഉന്നത ഉദ്യോഗസ്ഥരടക്കം വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. ആദ്യദിനത്തില്‍ അതിഥികളായി ക്ഷണിക്കപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികളെ അല്‍ ഹൂത്ത ഗുഹയുടെ ഭാഗ്യമുദ്രകളായ ലെയ്ത്ത് എന്ന സിംഹത്തിന്‍െറയും ബുനസീഹ് എന്ന അന്ധമത്സ്യത്തിന്‍െറയും വവ്വാലായ ലൈലയുടെയും രൂപങ്ങള്‍ ധരിച്ചവരാണ് സ്വാഗതം ചെയ്തത്. പരമ്പരാഗത ഒമാനി സംഗീതത്തിന്‍െറ അകമ്പടിയോടെയാണ് സന്ദര്‍ശകര്‍ക്കായുള്ള മേഖലയില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. പൂര്‍ണമായും നവീകരിച്ച സന്ദര്‍ശക മേഖലയോടനുബന്ധിച്ചുള്ള ഇന്‍ററാക്ടീവ് ജിയോളജിക്കല്‍ മ്യൂസിയമാണ് അതിഥികള്‍ ആദ്യം ചുറ്റിക്കണ്ടത്. ഇരുപത് ലക്ഷത്തോളം വര്‍ഷം പഴക്കമുള്ള ഗുഹയുടെ ചരിത്രം സന്ദര്‍ശകര്‍ക്ക് പകര്‍ന്നുനല്‍കുന്ന ഗുഹയില്‍ 150ഓളം പാറക്കഷ്ണങ്ങളും മരക്കഷ്ണങ്ങളും പവിഴപ്പുറ്റുകളും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇലക്ട്രിക് ട്രെയിനില്‍ കയറി അതിഥികള്‍ ഗുഹാന്തര്‍ഭാഗത്തേക്ക് തിരിച്ചു. ഗുഹാന്തര്‍ഭാഗമെല്ലാം ചുറ്റിക്കണ്ടതിന്‍െറ ഉണര്‍വിലാണ് വിദ്യാര്‍ഥികള്‍ തിരികെപോയത്. ഉദ്ഘാടന ചടങ്ങിനൊപ്പം പുതിയ വെബ്സൈറ്റിന്‍െറ ഉദ്ഘാടനവും നടന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്യാനും ടിക്കറ്റിന്‍െറ പണം നേരത്തേ അടക്കാനും ഈ വെബ്സൈറ്റില്‍ സൗകര്യമുണ്ടാകും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ (തിങ്കളാഴ്ച ഒഴിച്ച്) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയാണ് ഗുഹയിലേക്കുള്ള പ്രവേശസമയം. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ 12 വരെയും ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചുവരെയുമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശം അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.