500, 1000 രൂപ നോട്ടുകള്‍ മസ്കത്തിലെ  എസ്.ബി.ഐ ഓഫിസില്‍ സ്വീകരിക്കില്ല

മസ്കത്ത്: 500, 1000 രൂപ നോട്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മസ്കത്തിലെ ഓഫിസില്‍ സ്വീകരിക്കുന്നതല്ളെന്ന് അധികൃതര്‍ അറിയിച്ചു. പ്രവാസികളുടെ കൈവശമുള്ള നോട്ടുകള്‍ എസ്.ബി.ഐ ഓഫിസില്‍നിന്ന് മാറ്റിനല്‍കുമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് എസ്.ബി.ഐ അധികൃതരുടെ വിശദീകരണം. 
500, 1000 രൂപ നോട്ടുകള്‍ തങ്ങള്‍ കൈപ്പറ്റുകയോ മാറ്റിനല്‍കുകയോ ഇല്ളെന്ന് എസ്.ബി.ഐ മസ്കത്ത് പുറത്തിറക്കിയ അറിയിപ്പില്‍ അറിയിച്ചു.  അസാധുവാക്കിയ നോട്ടുകള്‍ മാറ്റിനല്‍കുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിക്കുന്ന മുറക്ക് www.sbioman.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് എസ്.ബി.ഐ മസ്കത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പിയൂസ് ഗോയല്‍ അറിയിച്ചു. 
നോട്ടുകള്‍ അസാധുവാക്കിയ ചൊവ്വാഴ്ച രാത്രി മുതല്‍തന്നെ മസ്കത്ത് എസ്.ബി.ഐയില്‍ ഇത് മാറ്റി ലഭിക്കുമെന്ന രീതിയിലുള്ള എസ്.എം.എസ്, വാട്ട്സ്ആപ് സന്ദേശങ്ങള്‍ പരക്കുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരത്തിനുള്ളില്‍ നോട്ടുകള്‍ മാറി നല്‍കുന്നതിനെ കുറിച്ച് അറിയാന്‍ കുറഞ്ഞത് 500 കാളുകള്‍ എങ്കിലും ലഭിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 
പ്രവാസികള്‍ക്ക് കൈവശമുള്ള നോട്ടുകള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയിലുള്ള മറ്റൊരു വ്യക്തിയെ എഴുത്ത് മുഖേന ചുമതലപ്പെടുത്താമെന്നും എസ്.ബി.ഐ അധികൃതര്‍ അറിയിച്ചു. ഇങ്ങനെ അധികാരപ്പെടുത്തുന്ന വ്യക്തി നിര്‍ദിഷ്ട ബാങ്ക് നോട്ടുകളും നിങ്ങളുടെ പേരില്‍ ഇടപാടുകള്‍ നടത്താന്‍ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കത്തും  നിയമസാധുതയുള്ള തിരിച്ചറിയല്‍ രേഖയും (ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി, പാസ്പോര്‍ട്ട്, എന്‍.ആര്‍.ഇ.ജി.എ കാര്‍ഡ്, പാന്‍ കാര്‍ഡ്, തങ്ങളുടെ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ യൂനിറ്റ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്) സഹിതം ബാങ്ക് ശാഖയില്‍ എത്തേണ്ടതാണ്. 
ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് വൈകാതെ ധനവിനിമയ സ്ഥാപനങ്ങള്‍ 500, 1000 രൂപ സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു. സര്‍ക്കാറിന്‍െറ ഇരുട്ടടി പോലെയുള്ള തീരുമാനം ഗള്‍ഫ് മേഖലയിലെ ധനവിനിമയ സ്ഥാപനങ്ങള്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കുക. 
ഒമാനിലെ ഓരോ എക്സ്ചേഞ്ചിനും കുറഞ്ഞത് പത്തുലക്ഷം ഇന്ത്യന്‍ രൂപയെങ്കിലും നഷ്ടമുണ്ടാകുമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം വന്‍ തുകയുടെ ശേഖരമുള്ള സ്ഥാപനങ്ങളുമുണ്ട്. ഇന്ത്യന്‍ രൂപയുടെ കയറ്റുമതിയും ഇറക്കുമതിയും നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാല്‍ എക്സ്ചേഞ്ചുകള്‍ക്കെല്ലാം വന്‍ തുകയുടെ നഷ്ടമുണ്ടാകാനാണ് സാധ്യത. നാലു പ്രവാസികള്‍ കൂടുന്നയിടങ്ങളില്‍ എല്ലാം ബുധനാഴ്ച രൂപയുടെ അസാധുവാക്കല്‍തന്നെയായിരുന്നു സംസാര വിഷയം. മാധ്യമങ്ങളിലും മറ്റും വിശദമായ വാര്‍ത്തകള്‍ നല്‍കിയിരുന്നെങ്കിലും പലരുടെയും ആശങ്ക ഇനിയും അടങ്ങിയിട്ടില്ല. പലരുടെയും ഫോണുകള്‍ക്കും വാട്ട്സ്ആപ്പിനും ചൊവ്വാഴ്ച രാത്രി മുതല്‍ വിശ്രമമേ ഉണ്ടായിരുന്നില്ല. പല പ്രവാസികളും തങ്ങളുടെ കൈവശമുള്ള 500, 1000 നോട്ടുകളുമായി വിവിധ മണി എക്സ്ചേഞ്ചുകള്‍ കയറിയിറങ്ങി. റിയാലാക്കി മാറ്റി ചെലവിന് ഉപയോഗിക്കാന്‍ കരുതി കൊണ്ടുവന്ന പണം കൊണ്ട് ഉപയോഗമില്ലാത്ത അവസ്ഥയായെന്ന് മത്രയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശി ജാസര്‍ പറഞ്ഞു. ചില്ലറയില്ലാത്തതിനാല്‍ മക്കള്‍ ബുധനാഴ്ച സ്കൂളില്‍ പോയില്ളെന്ന് മാഹി സ്വദേശി ഹുസൈന്‍ പറഞ്ഞു. 
ഇതിനിടെ രൂപ മാറ്റിവാങ്ങുന്നതിനായി പ്രധാന എക്സ്ചേഞ്ചുകളെല്ലാം കയറിയിറങ്ങി മടുത്ത മലയാളിക്ക് മത്രയിലെ പാകിസ്താന്‍ സ്വദേശിയുടെ എക്സ്ചേഞ്ചില്‍നിന്ന് പണം മാറികിട്ടി. എന്നാല്‍, കുറച്ച് സമയം കഴിഞ്ഞ് മന$സാക്ഷിക്കുത്തുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം മാറിക്കിട്ടിയ റിയാല്‍ തിരികെ കൊണ്ടുവന്ന് നല്‍കി. 500, 1000 രൂപ നോട്ടുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അസാധുവാക്കിയെന്നും ആരു കൊണ്ടുവന്നാലും സ്വീകരിക്കേണ്ടെന്ന ഉപദേശവും നല്‍കിയാണ് മലയാളി പോയത്. ബുധനാഴ്ച രാവിലെ മുതല്‍ ഒമാനിലെ എല്ലാ വിനിമയ സ്ഥാപനങ്ങളും തുറന്നത് നോട്ടുകള്‍ മാറ്റിക്കിട്ടാന്‍ എത്തുന്നവരുടെ തിരക്കുമായാണ്. 
വൈകുന്നേരംവരെ ഇത്തരക്കാരെക്കൊണ്ട് ബുദ്ധിമുട്ടിയതായി റൂവി മുസന്തം എക്സ്ചേഞ്ചിലെ കാഷ്യറായ അന്‍വര്‍ പറഞ്ഞു. പലരും അയ്യായിരവും പതിനായിരവും മൂല്യമുള്ള നോട്ടുമായാണ് എത്തിയത്. വിനിമയ സ്ഥാപനങ്ങള്‍ പിന്‍വാങ്ങിയതോടെ നാട്ടില്‍പോവുന്നവരെ അന്വേഷിച്ച് നടക്കുകയാണ് നോട്ടുകള്‍ കൈവശമുള്ളവര്‍. 
ഒരു മാസത്തിനുള്ളില്‍ നാട്ടില്‍പോവുന്നവര്‍ക്ക് പലരുടേതായി നല്ല തുക കൊണ്ടുപോവേണ്ടിവരും. അതിനാല്‍, ചിലരെങ്കിലും നാട്ടില്‍പോവുന്നത് മറച്ചുവെക്കുകയാണ്. ഒമാനില്‍ കുടുംബമായി കഴിയുന്നവര്‍ നാട്ടില്‍നിന്ന് വരുമ്പോള്‍ തന്നെ വിമാനത്താവളത്തില്‍നിന്ന് തിരിച്ചുപോവാനുള്ള ടാക്സി കൂലിക്കും വഴിച്ചെലവിനുമുള്ള പണം കൊണ്ടുവരും. കൂടാതെ, നാട്ടിലെ ചെലവ് കഴിച്ച് ബാക്കിയുള്ള സംഖ്യയും കൊണ്ടുവരും. അതിനാല്‍, ഇത്തരം കുടുംബങ്ങളുടെ കൈവശം ആയിരക്കണക്കിന് രൂപയുണ്ട്. അതിനിടെ, കഴിഞ്ഞദിവസം നാട്ടില്‍പോയ ഒരു കണ്ണൂര്‍ സ്വദേശി ഇങ്ങനെ നാട്ടില്‍നിന്ന് കൊണ്ടുവന്ന 30,000 രൂപ അലമാരയില്‍ അടച്ചുപൂട്ടിയാണ് പോയത്. ഇപ്പോള്‍ അലമാര കുത്തിപ്പൊളിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.