വിനിമയനിരക്ക് 176 രൂപയിലേക്ക്; പ്രവാസികള്‍ ആഹ്ളാദത്തില്‍

മസ്കത്ത്: രൂപയുടെ മൂല്യം കുറഞ്ഞ് റിയാലിന്‍െറ വിനിമയ നിരക്ക് ഉയരാന്‍ തുടങ്ങിയത് പ്രവാസികളില്‍ ആഹ്ളാദം പകര്‍ന്നു. വെള്ളിയാഴ്ച റിയാലിന് 175.18 രൂപ എന്ന നിരക്കിലാണ് വിനിമയ സ്ഥാപനങ്ങള്‍ ക്ളോസ് ചെയ്തത്. 1000 രൂപക്ക് അഞ്ചു റിയാല്‍ 709 ബൈസയാണ് നിരക്ക്. 
വെള്ളിയാഴ്ച രാവിലെ റിയാലിന് 175.25 രൂപ എന്ന നിരക്ക് വരെ എത്തിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇതേ നിരക്ക് തുടരുമെങ്കിലും തിങ്കളാഴ്ചയോടെ റിയാലിന് 176 രൂപ എന്ന നിരക്കിലേക്ക് എത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. ജൂണ്‍ മാസത്തോടെ ഇത് വീണ്ടും റിയാലിന് 178 രൂപ എന്ന നിരക്ക് വരെ എത്താന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഡോളര്‍ ശക്തമാവാന്‍ തുടങ്ങിയതാണ് രൂപയുടെ മൂല്യം ഇടിയാന്‍ പ്രധാന കാരണമെന്ന് അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു. അടുത്തമാസം 18ന് നടക്കുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് യോഗത്തില്‍ ഡോളറിന്‍െറ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു. ഇതോടെ, അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുകയും  ഡോളര്‍ ഇന്‍റക്സ് 92ല്‍ നിന്ന് 96 ലേക്ക് ഉയരുകയും ചെയ്തു. സമാനമായി യൂറോ വില ഇടിയുകയും ചെയ്തു. 
യൂറോ വില 1.14ല്‍ നിന്ന് 1.12 ഇടിഞ്ഞത് ഡോളര്‍ ശക്തമാവുന്നതിന്‍െറ സൂചനയാണ്. സമാനമായി ഡോളറിന്‍െറ  വില 67.44 രുപയായി ഉയരുകയും ചെയ്തു. കൂടാതെ, അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ ശക്തമാവുന്നതിന്‍െറ ലക്ഷണങ്ങള്‍ പുറത്തുവന്നു. അമേരിക്കയില്‍ പെട്രോളിന്‍െറ കരുതല്‍ ശേഖരം മികച്ചതാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതോടെ ഡോളര്‍ കൂടുതല്‍ ശക്തമാവുകയാണ്. 
ക്രമേണ റിയാലിന്‍െറ നിരക്ക് 180 രൂപയിലത്തെുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. എന്നാല്‍, അടുത്ത മാസം 18ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് പ്രഖ്യാപിക്കാതിരിക്കുകയോ, മാറ്റിവെക്കുകയോ ചെയ്താല്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയും റിയാലിന് 172 രൂപ എന്ന നിരക്കുവരെ കുറയാനും സാധ്യതയുണ്ട്. 
ഡോളര്‍ ശക്തമാവാന്‍ തുടങ്ങിയതോടെ കഴിഞ്ഞ 10 ദിവസമായി ഇന്ത്യന്‍ ഓഹരി വിപണി ഇടിയുകയായിരുന്നു. 
ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ, വരും ദിവസങ്ങളില്‍ ഓഹരി വിപണി വീണ്ടും ഇടിയും. എണ്ണ വില കൂടുന്നതും ഡോളറിന് അനുകൂലമായ ഘടകമാണ്. എണ്ണ വില വര്‍ധിക്കുന്നത് മുന്നില്‍കണ്ട് എണ്ണ കമ്പനികള്‍ ഡോളര്‍ വാങ്ങി കൂട്ടുന്നതും ഡോളറിന്‍െറ ഡിമാന്‍റ് വര്‍ധിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ സാമ്പത്തിക മേഖല ശക്തമായി തന്നെ തുടരുകയാണ്. മൊത്ത വ്യാപാര സൂചികയില്‍ ചെറിയ വര്‍ധനയുണ്ടായെങ്കിലും ഇത് ചില്ലറ വ്യാപാര സൂചികയെ ബാധിച്ചിട്ടില്ല. സമാനമായി സ്വര്‍ണവിലയിലും ചെറിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, സ്വര്‍ണവില ഏതാനും മാസംകൊണ്ട് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. 
നിലവില്‍ ഒൗണ്‍സിന് 1251ഡോളര്‍ വിലയുള്ളത് 1340 ഡോളര്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം അവസാനവും ഈ വര്‍ഷാദ്യവും റിയാലിന് മികച്ച നിരക്കുകള്‍ ലഭിച്ചിരുന്നു. റിയാലിന് 178.20 രൂപ നിരക്ക് വരെ എത്തിയിരുന്നു. എന്നാല്‍, ക്രമേണ ഇന്ത്യന്‍ രൂപ ശക്തമാവുകയും ഏപ്രില്‍ അവസാനത്തില്‍ റിയാലിന് 171.80 വരെ എത്തിയിരുന്നു. പിന്നീട്, സമാന നിരക്കില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും കഴിഞ്ഞ ഏതാനും ദിവസമായി വിനിമയ നിരക്ക് ഉയരുകയായിരുന്നു.  ഏതായാലും പ്രവാസലോകത്ത് അനിശ്ചിതത്വം വളരുകയും തൊഴില്‍ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിനിമയനിരക്ക് വര്‍ധിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ ആഹ്ളാദം പകരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.