കൊല്ലപ്പെട്ട മലയാളി നഴ്സിന്‍െറ മൃതദേഹം  ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

സലാല: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്‍െറ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള അനുമതി ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്‍റുകളില്‍നിന്ന് ലഭിച്ചതായി ബദ്ര്‍ സമ ഹോസ്പിറ്റല്‍ ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ അസീസ് പറഞ്ഞു. ലിന്‍സന്‍െറ സഹോദരന്‍ ലിജോ തോമസ് മൃതദേഹത്തെ അനുഗമിക്കും. 
കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം 11 മണിയോടെ പഴയ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഗോ കോംപ്ളക്സില്‍ എത്തിക്കും. വൈകീട്ട് 4.30നുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്കത്തിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം രാത്രി 1.30ന്‍െറ മസ്കത്ത് -കൊച്ചി വിമാനത്തില്‍ പുലര്‍ച്ചെ 6.30ന് നെടുമ്പാശ്ശേരിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചിക്കുവിന്‍െറ ജന്മനാടായ കറുകുറ്റി കൊവേന്ത ക്രിസ്തുരാജാശ്രമം ഇടവക ദേവാലയത്തിലാകും സംസ്കാര ചടങ്ങുകള്‍ നടത്തുക. എംബാം നടപടികള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍  രാവിലെ ഒമ്പതിന് ആരംഭിക്കും. തുടര്‍ന്ന് മോര്‍ച്ചറി പരിസരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പ്രാര്‍ഥനയും ആദരാഞ്ജലി അര്‍പ്പണവും നടക്കും. ഭര്‍ത്താവ് ലിന്‍സന്‍ കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ മൃതദേഹത്തെ അനുഗമിക്കാന്‍ കഴിയില്ല. മൃതദേഹത്തെ അനുഗമിക്കണമെന്ന ആഗ്രഹം ലിന്‍സന്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അത് അനുവദിക്കാന്‍ കഴിയില്ളെന്നാണ് പൊലീസ് നിലപാട്. കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയിലധികം പിന്നിട്ടെങ്കിലും അന്വേഷണ പുരോഗതി പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.