ഏപ്രില്‍ ഒന്നു മുതല്‍ കാര്‍ഗോ അയക്കാന്‍ ചെലവേറുമെന്ന് ഏജന്‍റുമാര്‍

മസ്കത്ത്: വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്തിയതിനാല്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനങ്ങള്‍ക്ക് ഇനി ചെലവേറും. കിലോക്ക് ഒരു റിയാല്‍ 300 ബൈസയായിട്ടാണ് കാര്‍ഗോനിരക്ക് വര്‍ധിപ്പിക്കുന്നത്. ഒരു റിയാല്‍ 200 ബൈസയാണ് നിലവില്‍ ഈടാക്കുന്നത്.
ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധന പ്രാബല്യത്തില്‍വരുമെന്ന് ഒമാനിലെ കാര്‍ഗോ ഏജന്‍റുമാരുടെ കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനക്കമ്പനികള്‍ നിരക്കില്‍ നൂറു മുതല്‍ 200 ബൈസയുടെവരെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നേരത്തേ കിലോക്ക് 385 മുതല്‍ 500 ബൈസവരെ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 650 ബൈസവരെ ഈടാക്കുന്നുണ്ട്. 
ഇതോടൊപ്പം മസ്കത്ത് വിമാനത്താവളത്തിലെ ഹാന്‍ഡ്ലിങ് നിരക്കുകളില്‍ ഒമാന്‍ ഏവിയേഷന്‍ വര്‍ധന വരുത്തിയിട്ടുമുണ്ട്. ലോഡിങ്, അണ്‍ലോഡിങ് ചെലവുകളും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെ കാര്‍ഗോ ക്ളിയറന്‍സ് ഒരു വര്‍ഷമായി നിര്‍ത്തിവെച്ചതിനാല്‍ ഈ മേഖല ഗുരുതര പ്രതിസന്ധി നേരിടുകയായിരുന്നു. 
ആറുമാസം മുമ്പ് മാത്രമാണ് ഡല്‍ഹി വിമാനത്താവളത്തിലൂടെ ക്ളിയറന്‍സ് പുനരാരംഭിച്ചത്. എല്ലാ ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നും വലിയ അളവില്‍ കാര്‍ഗോകള്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് വിമാനക്കമ്പനികള്‍ക്കുമേല്‍ വിമാനത്താവള അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.  ഇതുപ്രകാരം നിശ്ചിത അളവില്‍ മാത്രമേ സാധനങ്ങള്‍ കൊണ്ടുവരാന്‍ വിമാനക്കമ്പനികള്‍ക്ക് അധികാരമുള്ളൂ. ഇതത്തേുടര്‍ന്ന് വരുമാനത്തിലുണ്ടായ ഇടിവാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. 
ഇന്ത്യയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഇന്ധനവിലയുടെ ഫലമായി ഡല്‍ഹിയില്‍നിന്ന് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള റോഡ്, ട്രെയിന്‍ ഗതാഗതച്ചെലവുകളും വര്‍ധിച്ചിട്ടുണ്ട്. ഇതത്തേുടര്‍ന്ന് കമ്പനികളുടെയെല്ലാം പ്രവര്‍ത്തനച്ചെലവില്‍ കാര്യമായ വര്‍ധന വന്നതിന്‍െറ ഫലമായാണ് നിരക്കുവര്‍ധനക്ക് തങ്ങള്‍ നിര്‍ബന്ധിതരായതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.ഒമാനിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 35ഓളം കാര്‍ഗോ കമ്പനികളുടെ കൂട്ടായ്മയെ പ്രതിനിധാനംചെയ്ത് മുഹമ്മദ് ഉണ്ണി, നൗഷാദ്, മുഹമ്മദലി, അഷ്റഫ്, ബഷീര്‍, സലീം, ജബ്ബാര്‍, റിനേഷ്, മുഹമ്മദ്, ഷാഫി, സല്‍മാന്‍, ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

കാര്‍ഗോ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
മസ്കത്ത്: ഇന്ത്യയിലേക്ക് ഡോര്‍ ടു ഡോര്‍ കാര്‍ഗോവഴി സാധനങ്ങള്‍ അയക്കുന്നവര്‍ താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കാര്‍ഗോ കമ്പനി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 20,000 രൂപവരെ മൂല്യമുള്ള സാധനങ്ങളാണ് അയക്കാന്‍ അനുമതിയുള്ളത്. ഇതില്‍ ഇലക്ട്രോണിക്സ് സാധനങ്ങളുടെ മൂല്യം 2000 രൂപയില്‍ കവിയരുത്. അയക്കുന്ന സാധനങ്ങളുടെ വ്യക്തവും കൃത്യവുമായ പാക്കിങ് ലിസ്റ്റ് തയാറാക്കിയിരിക്കണം. ദ്രാവകരൂപത്തിലുള്ള സാധനങ്ങള്‍ അയക്കരുത്. ഓരോ സാധനവും പോളിത്തീന്‍ കവറില്‍ പൊതിഞ്ഞിരിക്കുകയും വേണം. പൊട്ടുന്ന സാധനങ്ങള്‍ സുരക്ഷിതമായി പാക് ചെയ്യണം. ഇതിനായി കാര്‍ഗോ കമ്പനികളുടെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. കാര്‍ഗോവഴി അയക്കുന്ന സാധനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെന്നത് തെറ്റായ ധാരണയാണ്. ഇന്‍ഷുറന്‍സ് വേണ്ടവര്‍ പ്രത്യേക പോളിസി എടുക്കേണ്ടതാണ്. കാര്‍ഗോ അയക്കുന്നവരുടെയും അത് സ്വീകരിക്കുന്ന വ്യക്തിയുടേയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖകള്‍ കാര്‍ഗോ ബുക്കിങ് സമയത്ത് ഓഫിസുകളില്‍ ഏല്‍പിക്കേണ്ടതാണ്. 
വിമാനത്താവളങ്ങളിലെ ക്ളിയറന്‍സ് അടക്കം നടപടിക്രമങ്ങള്‍ക്ക് സ്വീകരിക്കുന്നയാളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖ അത്യാവശ്യമാണ്. നിരോധിതസാധനങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാധനങ്ങളും സംബന്ധിച്ച വിശദവിവരങ്ങള്‍ കാര്‍ഗോ ഓഫിസുകളില്‍ അന്വേഷിച്ച് ഉറപ്പാക്കണം. ഇടനിലക്കാര്‍ മുഖേന എത്തിക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാന്‍ സാധനങ്ങള്‍ ഓഫിസില്‍ നേരിട്ടത്തെിക്കുകയും വേണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.