യോഗ്യത പരിഗണിക്കാതെ സ്വദേശികള്‍ക്ക് ജോലിനല്‍കണമെന്ന് നിര്‍ദേശം

മസ്കത്ത്: സ്വകാര്യസ്ഥാപനങ്ങള്‍ വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ സ്വദേശികള്‍ക്ക് കൂടുതലായി തൊഴിലവസരങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദേശം. മജ്ലിസുശൂറ യൂത്ത് ആന്‍ഡ് എജുക്കേഷന്‍ കമ്മിറ്റിയംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിമാരാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് ശൂറാ അംഗം തൗഫീഖ് അല്‍ ലവാത്തിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. മെഡിക്കല്‍, എന്‍ജിനീയറിങ് യോഗ്യതകള്‍ വേണ്ട തസ്തികകള്‍ ഇതിന്‍െറ പരിധിയില്‍ വരില്ളെന്നും അദ്ദേഹം അറിയിച്ചു. ആഗോള കണക്ക് പരിശോധിച്ചാല്‍ 80 ശതമാനം ബിരുദധാരികളും തങ്ങള്‍ പഠിച്ചതില്‍നിന്ന് വ്യത്യസ്തമായ തൊഴിലുകളാണ് ചെയ്യുന്നത്. ഉന്നത ബിരുദം കരസ്ഥമാക്കുന്നതോടെ പഠനം അവസാനിച്ചിട്ടില്ല. ബിരുദത്തിന് ശേഷം തൊഴില്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന സ്വദേശി യുവാക്കള്‍ തങ്ങളുടെ ആശയവിനിമയ ശേഷിയും സാങ്കേതികവും മറ്റുമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് പരിശീലനങ്ങളില്‍ മുഴുകണം. ജോലി ലഭിക്കാന്‍ സാധ്യമായ എല്ലാ കഴിവുകളും ആര്‍ജിക്കണമെന്ന് അല്‍ ലവാത്തി പറഞ്ഞു. ശൂറ വിദ്യാഭ്യാസ വിഭാഗം മേധാവി ഖാലിദ് അല്‍ ഫറാഇയും സമാന അഭിപ്രായം പ്രകടിപ്പിച്ചു. നിലവിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗ്യത നേടിയവര്‍ക്ക് സമാന കഴിവുകള്‍ വേണ്ട എല്ലാതരം തൊഴിലുകള്‍ക്കും അപേക്ഷിക്കാന്‍ അവസരം വേണം. ഒന്നിലധികം മേഖലകളില്‍ തൊഴിലെടുക്കാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുംവിധമാണ് പാഠ്യപദ്ധതികള്‍ ഒരുക്കേണ്ടതും. ഇന്‍റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍െറ കണക്കനുസരിച്ച് ഒമാനില്‍ ജനസംഖ്യയുടെ 7.15 ശതമാനമാണ് തൊഴിലില്ലായ്മ. ഈ വര്‍ഷം അത് വര്‍ധിക്കുമെന്നും കണക്കുകള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.