ഒമാനിലേക്ക് വരുന്ന ട്രക്കുകള്‍ക്കും  ബസുകള്‍ക്കും ഫീസ് ഏര്‍പ്പെടുത്തും

മസ്കത്ത്: മറ്റു രാജ്യങ്ങളില്‍നിന്ന് ഒമാനിലേക്ക് വരുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും പുതിയ ഫീസ് ഏര്‍പ്പെടുത്താന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് നിയമകാര്യ മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുറംരാജ്യങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ ഒമാന് അകത്ത് വാടകക്ക് ഓടുന്നതിനും പുതിയ ഉത്തരവ് പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
ബന്ധപ്പെട്ട അധികൃതരുടെ മുന്‍കൂര്‍ അനുമതി ഇതിന് ആവശ്യമാണ്. ഇതിന് 10 റിയാല്‍ ഫീസ് അടക്കുകയും വേണം. നിയമലംഘകരില്‍നിന്ന് 300 റിയാല്‍ പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍, പുതിയ ഫീസ് എന്നുമുതല്‍ ചുമത്തിത്തുടങ്ങുമെന്നത് അറിയിപ്പില്‍ വ്യക്തമല്ല. ഒമാനിലേക്ക് കാലിയായി വരുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം മുതല്‍ പ്രത്യേക ഫീസ് ചുമത്തുന്നുണ്ട്. ജി.സി.സി രാജ്യക്കാരല്ലാത്തവര്‍ ഓടിക്കുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കുമാണ് ഈ ഫീസ് ചുമത്തുന്നത്. ഇത്തരം വാഹനങ്ങളും അതിലെ ജീവനക്കാരും ഏഴു ദിവസത്തില്‍ കൂടുതല്‍ ഒമാനില്‍ തങ്ങുന്നതും നിരോധിച്ചിട്ടുണ്ട്. ഏഴു ദിവസത്തില്‍ കൂടുതല്‍ തങ്ങുന്ന വാഹനങ്ങള്‍  മന്ത്രാലയത്തിന്‍െറയും റോയല്‍ ഒമാന്‍ പൊലീസിന്‍െറയും പ്രത്യേക അനുവാദം വാങ്ങിയിരിക്കണം. ഒരാഴ്ചയിലധികം താമസിക്കുന്നവരില്‍നിന്ന് പിഴ ചുമത്തുകയും ചെയ്യും. രജിസ്റ്റര്‍ ചെയ്ത രാജ്യത്തേക്ക് അല്ലാതെ സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഗതാഗത മന്ത്രാലയത്തിന്‍െറ അനുമതി വേണം. ഓരോ ട്രിപ്പിനും 10 റിയാല്‍ വീതം നല്‍കണം. നിയമം ലംഘിക്കുന്നവര്‍ 50 റിയാല്‍ പിഴയും നല്‍കണം. സ്റ്റേറ്റ് കൗണ്‍സില്‍ അടുത്തിടെ അംഗീകരിച്ച കര ഗതാഗത നിയമങ്ങളുടെ ഭാഗമായാണ് ഭേദഗതികള്‍ നടപ്പാക്കുന്നത്. ഹത്ത അതിര്‍ത്തിയില്‍ വിദേശികള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന്  50 കി.മീറ്റര്‍ അകലെ ഖത്മത് മലാഹ വഴിയും റാസല്‍ ഖൈമ അതിര്‍ത്തി വഴിയുമാണ് ഇപ്പോള്‍ യു.എ.ഇയില്‍നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള  ചരക്കുവാഹനങ്ങള്‍ പ്രധാനമായും സഞ്ചരിക്കുന്നത്. ഒമാനില്‍നിന്ന് കാലി വാഹനങ്ങള്‍ യു.എ.ഇയിലേക്ക് പോവുന്നതിന് യു.എ.ഇ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. യു.എ.ഇയിലെ കമ്പനികള്‍ക്കുവേണ്ടിയാണ് വാഹനം അതിര്‍ത്തി കടക്കുന്നതെന്ന രേഖ കാണിച്ചാല്‍ മാത്രമേ കാലിയായ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. ഇതുസംബന്ധിച്ച പേപ്പര്‍ വര്‍ക്കുകള്‍ക്ക് ഏറെ സമയമെടുക്കുന്നുണ്ട്. അതേസമയം, റാസല്‍ഖൈമ അതിര്‍ത്തിയില്‍ 550 ദിര്‍ഹം അടച്ചാല്‍ കാലി ട്രക്കുകള്‍ യു.എ.ഇയിലേക്ക് കടക്കാന്‍ അനുവദിക്കുന്നുണ്ടെന്ന് ഇറക്കുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിന്‍െറ പ്രതിനിധി പറഞ്ഞു. കഴിഞ്ഞമാസം മുതലാണ് ഈ ഫീസ് ചുമത്തിത്തുടങ്ങിയത്. ഇതോടെ, ട്രക്കുകളുടെ വാടകയും വര്‍ധിച്ചിട്ടുണ്ട്. 270 റിയാല്‍വരെയാണ് വാടകയായി ഈടാക്കുന്നത്. നിയമത്തിലെ നൂലാമാലകള്‍ കണക്കിലെടുത്ത് പല സ്ഥാപനങ്ങളും സ്വദേശി ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് പുറംകരാര്‍ നല്‍കിയിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.