സുല്‍ത്താനേറ്റ് ഇന്ന് നവോത്ഥാന ദിനത്തിന്‍െറ നിറവില്‍

മസ്കത്ത്: സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ഇന്ന് 46ാം നവോത്ഥാന ദിനാഘോഷത്തിന്‍െറ നിറവിലാണ്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ നായകത്വത്തിന് പിന്നില്‍ രാജ്യം  വളര്‍ച്ചയും സമാധാനവും സുരക്ഷയും സുഭിക്ഷതയും ഐശ്വര്യവും നേടിയതിന്‍െറ വാര്‍ഷികദിനംകൂടിയാണിന്ന്. 
രാജ്യത്തെ പുരോഗതിയിലേക്കും വളര്‍ച്ചയിലേക്കും നയിച്ചതിന് ഒമാന്‍ ഭരണാധികാരിക്ക് രാജ്യവും ജനങ്ങളും കൃതജ്ഞതയും കൂറും പ്രകടിപ്പിക്കുകയാണ്. നവോത്ഥാന ദിനത്തിന്‍െറ ഭാഗമായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ആശംസാ സന്ദേശങ്ങള്‍ ഒഴുകുന്നുണ്ട്. സുല്‍ത്താന് ആശംസയും ദീര്‍ഘായുസ്സും നേര്‍ന്നുകൊണ്ട് രാജ്യത്തെ മന്ത്രിമാരും ഉന്നതരും സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. 
ഒമാന്‍ ഭരണാധികാരിക്കും ആയുസും  ആരോഗ്യവും നേര്‍ന്ന് കൊണ്ട് പൊലീസ്, കസ്റ്റംസ് മേധാവി ഹസന്‍ ബിന്‍ മുഹ്സില്‍ അല്‍ ശര്‍ഖി സന്ദേശം അയച്ചു. ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദി, മജ്ലിസു ശൂറ ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ നാസര്‍ അല്‍ മഹ്വലി, സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ യഹ്യ ബിന്‍ മഹ്ഫൂദ് അല്‍ മന്തരി എന്നിവരും ആശംസ സന്ദേശം അയച്ചു. നവോത്ഥാന ദിനത്തിന്‍െറ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 
മുസന്ന എയര്‍ബെയിസില്‍ വ്യോമാഭ്യാസ പ്രകടനം ഇന്ന് നടക്കും. 20 വിദഗ്ധ പൈലറ്റുമാരാണ് പ്രകടനത്തില്‍ പങ്കെടുക്കുന്നത്. അഭ്യാസ പ്രകടനത്തിന് വന്‍ ഒരുക്കമാണ് അധികൃതര്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 46 വര്‍ഷമായി പ്രിയപ്പെട്ട ഭരണാധികാരി രാജ്യത്തിന് നല്‍കിയ സംഭാവനകളുടെ ഓര്‍മ പുതുക്കല്‍ കൂടിയാണിത്. രാജ്യത്തിന്‍െറ വരുമാനമാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കാനും എണ്ണമേഖലയില്‍നിന്ന് വഴിമാറാനും ചെറുകിട ഇടത്തരം നിക്ഷേപരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്തത് സാമൂഹിക പുരോഗതിയില്‍ വന്‍ പങ്കുവഹിച്ചു. വിദഗ്ധ പരിശീലനവും സാമ്പത്തിക സഹായവും നല്‍കിയാണ് ഈ മേഖലയെ പ്രോത്സാഹിപ്പിച്ചത്. നീതിയുക്തവും സന്തുലിതവുമായ വളര്‍ച്ചയാണ് ഒമാന്‍െറ പ്രത്യേകത. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വൈദ്യുതി, വെള്ളം, വാര്‍ത്താവിനിമയം എന്നീ മേഖലകള്‍ക്കും സന്തുലിതമായി വളരാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. 
രാജ്യപുരോഗതിയില്‍ പങ്കാളികളാവാനും സംഭാവനകള്‍ നല്‍കാനും ഒമാന്‍ ഭരണാധികാരി പ്രജകളോട് പ്രഭാഷണങ്ങളില്‍ ആവശ്യപ്പെടാറുണ്ട്. ആധുനിക സംസ്കാരത്തിന്‍െറ എല്ലാ ഗുണഫലങ്ങളും ഉള്‍ക്കൊള്ളുന്ന നവീന ഒമാനാണ് നമ്മുടെ ലക്ഷ്യമെന്നും സുല്‍ത്താന്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നു.  നമ്മുടെ ഭരണനേട്ടങ്ങള്‍ വരും തലമുറയും ചരിത്രവുമാണ് വിലയിരുത്തുകയെന്നും ക്ഷമയോടെ വെല്ലുവിളികള്‍ നേരടണമെന്നും സുല്‍ത്താന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവോത്ഥാന ദിനം മുതല്‍തന്നെ രാജ്യത്തിന്‍െറ ഐക്യത്തിനും ഭദ്രതക്കും സുല്‍ത്താന്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. 
രാജ്യത്തിന്‍െറ സര്‍വ മേഖലയിലേയും പുരോഗതി ലക്ഷ്യം വെച്ച് 1976 മുതല്‍ ഒമാന്‍ പഞ്ചവത്സര പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ‘വിഷന്‍ 2020’ എന്ന ദീഘകാല പദ്ധതിയിലേക്ക് രാജ്യത്തെ നയിക്കലും ഈ പദ്ധതികളുടെ ലക്ഷ്യമാണ്. ഇതിന്‍െറ ഭാഗമയി ഒമ്പതാം പഞ്ചവത്സര പദ്ധതി ഈവര്‍ഷം ആരംഭിച്ചു. 
ഒമാന്‍െറ വിഭവങ്ങളും നിക്ഷേപങ്ങളും പരമാവധി ഉപയോഗപ്പെടുത്തുകയും രാജ്യത്തിന്‍െറ സന്തുലിത വളര്‍ച്ച ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 
രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലേക്കും വികസനം എത്തിക്കുകയും സ്വകാര്യ മേഖലയുടെ സഹായത്തോടെ സാമ്പത്തിക പുരോഗതി നേടുകയും നടപ്പ് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമാണ്. വിവിധ മേഖലകളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ സ്റ്റേറ്റ് കൗണ്‍സിലിനും മജ്ലിസുശ്ശൂറക്കും അര്‍ഹമായ അധികാരം നല്‍കുന്നുണ്ട്. മുനിസിപ്പല്‍ കൗണ്‍സിലുകള്‍ക്ക് അധികാരങ്ങള്‍ നല്‍കുന്നതിന്‍െറ ഭാഗമായി മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കും. 
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. രാജ്യം പുതിയ ദിശയിലേക്ക് നീങ്ങുന്നതിന്‍െറ തെളിവുകളാണിത്. ലോക സമാധാനത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ ഒമാന് കഴിഞ്ഞിട്ടുണ്ട്. യമന്‍, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ ഒമാന്‍ നടത്തുന്ന സേവനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
 ഇതിന്‍െറ അംഗീകാരമെന്നോണം കഴിഞ്ഞ ജനുവരിയില്‍ ജര്‍മനിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലക്ക് സമാധാനത്തിനുള്ള സെന്‍റ് ജോര്‍ജ് അവാര്‍ഡ് സമ്മാനിച്ചിരുന്നു. രാജ്യത്തിന് ഇനിയും പുരോഗതിക്ക് കുതിക്കാന്‍ കഴിയട്ടെയെന്നും അതിന്‍െറ നായകന് ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കട്ടെ എന്നുമാണ് ഈ ദിനത്തില്‍ സ്വദേശികളും വിദേശികളും പ്രാര്‍ഥിക്കുന്നത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.