ബംഗ്ളാദേശ് സ്വദേശിയുടെ ഫോണും പണവും ബസ്യാത്രക്കിടെ കവര്‍ന്നു

മത്ര: സഹയാത്രികന്‍ അടിച്ചുമാറ്റിയ ഐഫോണും പണവും തിരിച്ചുകിട്ടിയ ആഹ്ളാദത്തിലാണ് മത്രയില്‍ റെഡിമെയ്ഡ് ഷോപ്പില്‍ ജോലി ചെയ്യുന്ന ബംഗ്ളാദേശ് സ്വദേശിയായ ഷെരീഫ്. സലാലയിലെ കാഴ്ചകള്‍ കാണാനും അവിടെയുള്ള സഹോദരനെ കാണാനുമാണ് കഴിഞ്ഞ വെള്ളിയാഴ്ച ഷെരീഫ് ബസില്‍ സലാലക്ക് പുറപ്പെട്ടത്. ബസിലെ അടുത്ത സീറ്റില്‍ ഇന്ത്യക്കാരനായ ഒരാളാണ് ഇരുന്നിരുന്നതെന്ന് ഷരീഫ് പറയുന്നു. യാത്രക്കിടയില്‍ മയങ്ങിപ്പോയ ഓര്‍മയല്ലാതെ ഫോണും പണവും പോക്കറ്റടിച്ചുപോയ കാര്യമൊന്നും ഇദ്ദേഹം അറിഞ്ഞിരുന്നില്ല. സലാലയില്‍ ബസിറങ്ങിയ ഇദ്ദേഹം എത്തിയ വിവരം മത്രയിലേക്ക് വിളിച്ചറിയിക്കാന്‍ ഫോണ്‍ തപ്പിയപ്പോള്‍ കണ്ടില്ല. പഴ്സ് പാന്‍റിന്‍െറ പോക്കറ്റില്‍ തന്നെയുണ്ടായിരുന്നു. പഴ്സ് ഒന്ന് പരിശോധിക്കാന്‍ സഹോദരന്‍ പറഞ്ഞതനുസരിച്ച് തുറന്നുനോക്കിയപ്പോള്‍ അതിലുണ്ടായിരുന്ന 185 റിയാലും കാണാനില്ല. സലാല കാണാനിറങ്ങിയ സന്തോഷം അതോടെ നഷ്ടപ്പെട്ടു. രണ്ടു ദിവസം സലാലയില്‍ തങ്ങി മത്രയിലത്തെിയ ഉടന്‍ ഐ.എം.ഇ.ഐ നമ്പറടക്കം മത്ര സ്റ്റേഷനില്‍ പരാതി നല്‍കി. അപ്പോഴും പോയതുപോയി എന്നായിരുന്ന മനസ്സിലെന്ന് ഷെരീഫ് പറയുന്നു.
രണ്ടാം ദിവസം സ്റ്റേഷനില്‍നിന്ന് വിളിച്ച് റൂവി പൊലീസ്സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചു. അവിടെ പോയപ്പോള്‍ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഫോണും പണവും തിരികെ നല്‍കുകയും ചെയ്തു. റോയല്‍ ഒമാന്‍ പൊലീസിന്‍െറ സേവനത്തെപ്പറ്റി നൂറുനാവാണിപ്പോള്‍ ഈ ബംഗ്ളാ യുവാവിന്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.