രാജ്യത്ത് രണ്ടു സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് അനുമതി

മസ്കത്ത്: രാജ്യത്ത് രണ്ടു സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് അനുമതി. വ്യോമയാന രംഗം സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കുന്നതിന്‍െറ ഭാഗമായാണ് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി രണ്ട് ജെറ്റ് ഓപറേറ്റര്‍മാര്‍ക്ക് പ്രാഥമിക അനുമതി നല്‍കിയത്. സലാല, അല്‍ ശര്‍ഖിയ ഏവിയേഷന്‍സ് കമ്പനികള്‍ക്കാണ് ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തെ വിമാനത്താവളങ്ങള്‍ക്കിടയില്‍ സര്‍വിസ് നടത്തുന്നതിനുള്ള ക്ളാസ് ബി ലൈസന്‍സിനുള്ള എന്‍.ഒ.സി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ലഭിച്ചത്. 19ഓ അതില്‍ താഴെയോ സീറ്റുകളുള്ള വിമാനങ്ങള്‍ മാത്രമേ സര്‍വിസിന് ഉപയോഗിക്കാന്‍ പാടുള്ളൂ. ടേക്ക് ഓഫ് സമയത്ത് പരമാവധി ഭാരം പത്ത് ടണ്ണില്‍ താഴെയുമാകണം.
സലാല എയര്‍ലൈന്‍സ് സലാല വിമാനത്താവളവും അല്‍ ശര്‍ഖിയ മസ്കത്ത് വിമാനത്താവളവും കേന്ദ്രീകരിച്ചാകും സര്‍വിസ് നടത്തുക. രണ്ടു കമ്പനികളും പ്രവര്‍ത്തന സജ്ജമാകുന്നതോടെ രാജ്യത്തെ ആഭ്യന്തര വ്യോമയാന രംഗത്ത് കൂടുതല്‍ മത്സരാന്തരീക്ഷമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഒമാന്‍െറ ബജറ്റ് എയര്‍ലൈന്‍സായ സലാം എയര്‍ ഈ വര്‍ഷം അവസാനത്തോടെ സലാലയിലേക്ക് പറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റ് വിദേശ കമ്പനികളും സലാലയിലേക്കുള്ള സര്‍വിസ് വര്‍ധിപ്പിച്ചുവരുന്നുണ്ട്. പുതിയ മസ്കത്ത് വിമാനത്താവള ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വിമാന സര്‍വിസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.