മസ്കത്ത്: മാര്‍ക്കറ്റില്‍ വ്യാപകമായി ഇറങ്ങുന്ന വ്യാജ മൊബൈല്‍ ഫോണുകള്‍ക്കെതിരെ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി രംഗത്ത്. ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നതിനെതിരെ ടി.ആര്‍.എ സന്ദേശങ്ങള്‍ അയച്ചു. വ്യാജ ഫോണുകള്‍ ഉപയോഗിക്കരുതെന്നും ഇവ ആരോഗ്യത്തിന് ഹാനികരമാണെന്നും സാങ്കേതികമേന്മ കുറഞ്ഞതിനാല്‍ ഇവയുടെ സേവനങ്ങള്‍ മോശമായിരിക്കുമെന്നും സന്ദേശത്തിലുണ്ട്.
കഴിഞ്ഞദിവസം വ്യാപകമായി എസ്.എം.എസ് സന്ദേശങ്ങളും അയച്ചിരുന്നു. മാര്‍ക്കറ്റില്‍ വ്യാജ ഫോണുകള്‍ വ്യാപകമായി ഇറങ്ങുന്നത് ടി.ആര്‍.എ നിരീക്ഷിക്കുന്നുണ്ട്. പ്രധാന കമ്പനികളുടെ പേരിലിറങ്ങുന്ന വ്യാജഫോണുകള്‍ മാര്‍ക്കറ്റിലുണ്ട്. ഇവ കമ്പനി വിലയെക്കാള്‍ കുറച്ചും ഒറിജിനലിനെക്കാള്‍ കൂടുതല്‍ സാങ്കേതിക മികവുകള്‍ വാഗ്ദാനം ചെയ്തുമാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.
പ്രമുഖ കമ്പനികളുടെ പേരിലെ അക്ഷരങ്ങള്‍ മാറ്റിയും വ്യാജ ഫോണുകള്‍ മാര്‍ക്കറ്റിലത്തെുന്നു. ഈ ഫോണുകള്‍ക്ക് റേഡിയേഷന്‍ കൂടുതലായതിനാല്‍ നിരവധി ആരോഗ്യപ്രശ്നമുണ്ടാവുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതുസംബന്ധമായി ടി.ആര്‍.എ ഉടന്‍ അറിയിപ്പ് പുറത്തിറക്കും. ചില വ്യാപാര സ്ഥാപനങ്ങളില്‍ ഇത്തരം ഫോണുകള്‍ വില്‍ക്കുന്നതായി ഉപഭോക്താക്കള്‍ പറയുന്നു.
ഇവ വാങ്ങുമ്പോള്‍ തിരിച്ചറിയാന്‍ കഴിയില്ല. പിന്നീട് മോശം നെറ്റ് വര്‍ക്കും സാങ്കേതിക പ്രശ്നങ്ങളും ഉയര്‍ന്നുവരുമ്പോഴാണ് വ്യാജ ഫോണാണെന്ന് തിരിച്ചറിയുന്നത്. ഇവയില്‍ ഇടക്കിടെ നെറ്റ്വര്‍ക്ക് പ്രശ്നങ്ങളടക്കം ഉണ്ടാവുകയും ചെയ്യും.
ഫോണുകളില്‍ ഗുണനിലവാര സ്റ്റാമ്പുകള്‍ പതിക്കണമെന്ന് ടി.ആര്‍.എ നേരത്തേ സ്ഥാപനങ്ങളെ അറിയിച്ചിരുന്നു. ടി.ആര്‍.എ സ്റ്റാമ്പുകള്‍ ഇല്ലാത്ത ഫോണുകള്‍ വില്‍ക്കരുതെന്നും സ്ഥാപനങ്ങളെ അറിയിച്ചിരുന്നു.
ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കടകളില്‍ പരിശോധന നടത്തുകയും വ്യാപാരികളെ ബോധവത്കരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫോണുകള്‍ വില്‍ക്കുന്നതെന്ന പരാതിയും ഉണ്ട്. ഈ സാഹചര്യത്തില്‍ അധികൃതര്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.