മസ്കത്ത്: എണ്ണവിലയിടിവുമൂലമുണ്ടായ വരുമാനനഷ്ടം നികത്തുന്നതിനായി വിവിധ സേവനമേഖലകളിലെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതടക്കം നിര്‍ദേശങ്ങളുമായി പുതിയ ബജറ്റ് പ്രഖ്യാപിച്ചു.
വാഹന രജിസ്ട്രേഷന്‍, പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സ്, വിസ ക്ളിയറന്‍സ്, ലേബര്‍കാര്‍ഡ് ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. വ്യവസായ, വാണിജ്യ, സര്‍ക്കാര്‍ ആവശ്യത്തിനുള്ള വെള്ളത്തിന്‍െറയും വൈദ്യുതിയുടെയും നിരക്കുകളും വര്‍ധിപ്പിക്കും.
സാമ്പത്തിക വളര്‍ച്ചക്ക് ഊര്‍ജം പകരുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ ബജറ്റില്‍ ഉയര്‍ന്ന മുന്‍ഗണനയുള്ള സാമ്പത്തിക- സാമൂഹിക വികസന പദ്ധതികള്‍ക്ക് പണം ചെലവഴിക്കുമെന്നും ധനകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സ്വകാര്യമേഖലയില്‍ നിക്ഷേപം വളര്‍ത്താന്‍ അനുകൂല അന്തരീക്ഷവും പിന്തുണയും ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം പൊതുചെലവില്‍ കാര്യമായ കുറവുവരുത്തുകയും ചെയ്യും.
എണ്ണയിതര വരുമാനം വര്‍ധിപ്പിച്ച് എണ്ണയിലുള്ള ആശ്രിതത്വം കുറക്കും. ബജറ്റ് കമ്മി കുറച്ച് രാജ്യത്തിന്‍െറ ധനകാര്യ- സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു. മൊത്തം 8.6 ശതകോടി റിയാലാണ് ഈ വര്‍ഷത്തെ ബജറ്റില്‍ വരുമാനമായി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞവര്‍ഷം പ്രതീക്ഷിച്ച വരുമാനത്തില്‍നിന്ന് നാലു ശതമാനം കുറവാണിത്. ഈ വര്‍ഷത്തെ വരുമാനത്തില്‍ എണ്ണ, പ്രകൃതിവാതക മേഖലയില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്ന വരുമാനം 6.15 ശതകോടി റിയാലാണ്. മൊത്തം വരുമാനത്തിന്‍െറ 72 ശതമാനമാണിത്. വരുമാനത്തിന്‍െറ 28 ശതമാനം അഥവാ 2.45 ശതകോടി റിയാലാണ് എണ്ണയിതര മേഖലയില്‍നിന്ന് ലഭിക്കുമെന്ന് കരുതുന്നത്. കഴിഞ്ഞവര്‍ഷം 1.9 ശതകോടി റിയാലാണ് എണ്ണയിതര വരുമാനമായി പ്രതീക്ഷിച്ചിരുന്നത്. ചെലവിനത്തില്‍ വിദ്യാഭ്യാസ മേഖലക്കായി 2.5 ശതകോടി റിയാലും ആരോഗ്യമേഖലക്കായി 1.3 ശതകോടി റിയാലും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി 163 ദശലക്ഷം റിയാലും വകയിരുത്തിയിട്ടുണ്ട്. ഇതടക്കം 11.9 ശതകോടി റിയാലാണ് ഈ വര്‍ഷം പൊതുചെലവിനത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന തുക.
കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് 1.5 ശതകോടി റിയാലാണ് ചെലവിനത്തില്‍ കുറവുവരുത്തിയിട്ടുള്ളത്. എണ്ണ, പ്രകൃതി വാതക പര്യവേക്ഷണത്തിനും മറ്റും 1.79 ശതകോടി റിയാലാണ് ചെലവഴിക്കുക. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് 14 ശതമാനത്തിന്‍െറ കുറവാണിത്. മന്ത്രാലയങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമായി 4.26 ശതകോടി റിയാല്‍ വകയിരുത്തിയിട്ടുണ്ട്. 12 ശതമാനം കുറവാണ് ഈയിനത്തില്‍ വരുത്തിയിട്ടുള്ളത്. വികസനപദ്ധതികള്‍ക്കായി 1.35 ശതകോടി റിയാലും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 18 ശതമാനത്തിന്‍െറ കുറവാണ് മുന്‍ വര്‍ഷത്തേതില്‍നിന്ന് ഈയിനത്തിലുള്ളത്. പ്രതിരോധ ചെലവില്‍ 12 ശതമാനവും കുറവുവരുത്തി. ഇന്ധന സബ്സിഡിയില്‍ 64 ശതമാനത്തിന്‍െറ കുറവാണ് വരുത്തിയത്. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് 710 ദശലക്ഷം റിയാല്‍ കുറച്ച് 400 ദശലക്ഷം റിയാലാണ് ഇന്ധന സബ്സിഡിയിനത്തില്‍ പുതിയ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 240 ദശലക്ഷം റിയാല്‍ മറ്റ് ചെലവുകള്‍ക്കായും വകയിരുത്തിയിട്ടുണ്ട്. മൊത്തം 3.3 ശതകോടി റിയാലാണ് ഈ വര്‍ഷം ബജറ്റ് കമ്മി. മൊത്തം വരുമാനത്തിന്‍െറ 38 ശതമാനവും ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 13 ശതമാനവുമാണ് ബജറ്റ് കമ്മി. ആഭ്യന്തര, വിദേശ വിപണികളില്‍നിന്ന് കടമെടുത്താകും കമ്മി നികത്തുകയെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ധന സബ്സിഡി നീക്കി വില ആഗോള വിപണിക്ക് അനുസൃതമായി പുനര്‍ നിര്‍ണയിക്കുന്നതാണ് പൊതുചെലവ് കുറക്കുന്നതിനുള്ള സുപ്രധാന തീരുമാനം. മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വിഭാഗങ്ങളിലും വികസനം റദ്ദാക്കുകയും അപ്രധാനമായ പദ്ധതികളുടെ നടപ്പാക്കല്‍ നീട്ടിവെക്കുകയും ചെയ്യും. ഓഫിസ് കാറുകളുടെ അനധികൃത ഉപയോഗം തടയല്‍, മന്ത്രിമാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബത്തിന് നല്‍കിയ കാറുകള്‍ തിരിച്ചെടുക്കുകയും ചെയ്യും.
വിവിധ മന്ത്രാലയങ്ങളും അനുബന്ധ ഓഫീസുകളും തമ്മിലുള്ള ആശയവിനിമയത്തിന് ഒമാന്‍ പോസ്റ്റിന്‍െറ സേവനം ഉപയോഗപ്പെടുത്തും.
ഈ ആവശ്യാര്‍ഥമുള്ള വാഹനങ്ങള്‍ തിരിച്ചെടുക്കുകയും ചെലവുകള്‍ റദ്ദാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഓഫിസുകള്‍ തമ്മില്‍ ഇ-മെയില്‍ ബന്ധം പ്രോത്സാഹിപ്പിക്കും.
ചില സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യമേഖലക്ക് ടെന്‍ഡര്‍ വഴി കൈമാറും. വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും ചായ സല്‍ക്കാരത്തിനും വിനോദത്തിനും മറ്റും ചെലവഴിക്കുന്ന തുകയില്‍ നിയന്ത്രണം വരുത്തും. ഒ
ാഫിസ് ചെലവുകള്‍ കുറക്കുന്നതിന്‍െറ ഭാഗമായി ചെറിയ അറ്റകുറ്റപ്പണികളും മറ്റും സ്വകാര്യമേഖലക്ക് കൈമാറും.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് കോര്‍പറേറ്റ് ഇന്‍കം ടാക്സ് വര്‍ധന, ടാക്സി പരിധി കുറക്കല്‍, നികുതി ശേഖരണം കാര്യക്ഷമമാക്കല്‍, കസ്റ്റംസ് നികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ട സാധനങ്ങളുടെ പുനര്‍നിര്‍ണയം, റിയല്‍ എസ്റ്റേറ്റ് ഫീസ്, വാടക കെട്ടിടങ്ങള്‍ക്കുള്ള നഗരസഭ ഫീസ് എന്നിവ വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. വ്യവസായ, വാണിജ്യ, ടൂറിസം, കാര്‍ഷിക ആവശ്യത്തിനായി വകയിരുത്തുന്ന ഭൂമിക്കായി ഈടാക്കുന്ന തുക വര്‍ധിപ്പിക്കാനും വിവിധ നഗരസഭകളിലെ സേവനഫീസ് ഏകീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഹോള്‍ഡിങ് കമ്പനികളാക്കും. 2016 മുതല്‍ 2020 വരെ കാലയളവിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം പൂര്‍ത്തിയാക്കുക.
ഇതിനായി കണ്‍സള്‍ട്ടന്‍സിയെ ഉപയോഗിച്ചുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.