മസ്കത്ത്: ഇറക്കുമതിചെയ്യുന്ന മരുന്നുകളുടെ വില ജനുവരി ഒന്നുമുതല്‍ കുറക്കാനുള്ള തീരുമാനം നീട്ടിവെച്ചതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏജന്‍റുമാരുടെയും വില്‍പനക്കാരുടെയും ഇടലാഭത്തില്‍ (പ്രോഫിറ്റ് മാര്‍ജിന്‍) കുറവുവരുത്താനായിരുന്നു ആരോഗ്യമന്ത്രാലയത്തിന്‍െറ തീരുമാനം. തീരുമാനം നടപ്പാക്കുന്നത് ജൂണ്‍ ഒന്നിലേക്ക് മാറ്റിയതായി കാണിച്ച് ആരോഗ്യമന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ജി.സി.സി തലത്തില്‍ മരുന്നുവില ഏകീകരിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് അറിയിച്ചിരുന്നത്. നിലവില്‍ 55 ശതമാനം വരെ ഇടലാഭം ഇറക്കുമതി ഏജന്‍റുമാര്‍ക്കും വില്‍പനക്കാര്‍ക്കും ലഭിക്കുന്നുണ്ട്. ഇത് വിവിധ തലങ്ങളിലായി 35 മുതല്‍ 43 ശതമാനം വരെയാക്കി നിജപ്പെടുത്താനാണ് തീരുമാനിച്ചത്. വില കുറക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പഠനവിധേയമാക്കുന്നതിന്‍െറ ഭാഗമായാണ് മന്ത്രാലയം തീരുമാനം നടപ്പാക്കുന്നത് നീട്ടിയതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പഠനം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കാനിടയുണ്ട്. ഇടലാഭത്തില്‍ കുറവുവരുത്തുന്നത് മരുന്നുവ്യവസായത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും ഇവര്‍ പറയുന്നു. നിലവില്‍ രണ്ട് ഘട്ടങ്ങളിലായി മരുന്നുകളുടെ വില കുറച്ചിട്ടുണ്ട്. 2014 ഒക്ടോബറില്‍ 1,400 മരുന്നുകളുടെയും കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ 1,180 മരുന്നുകളുടെയും വിലയാണ് കുറച്ചത്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, കേന്ദ്ര നാഡീവ്യൂഹം, പകര്‍ച്ചവ്യാധി, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, മൂത്രാശയ രോഗങ്ങള്‍, ന്യൂട്രീഷ്യന്‍ ആന്‍ഡ് ബ്ളഡ്, പ്രതിരോധ മരുന്നുകള്‍, വാക്സിന്‍സ്, അനസ്തേഷ്യ, ഹൃദ്രോഗം, പ്രമേഹം, ആമാശയ രോഗങ്ങള്‍, കൊളസ്ട്രോള്‍, വേദന സംഹാരികള്‍ തുടങ്ങിയവയുടെ വിലയിലാണ് കുറവുവന്നത്.
ജി.സി.സി രാഷ്ട്രങ്ങളില്‍ ഒമാനിലും കുവൈത്തിലുമായിരുന്നു മരുന്നുവില ഏറ്റവും അധികം. സൗദി അറേബ്യയിലാണ് ജി.സി.സി രാഷ്ട്രങ്ങളില്‍ ഏറ്റവും കുറഞ്ഞ മരുന്നുവില.
ഉയര്‍ന്നവില മൂലം ഒമാനിലെ സാധാരണക്കാര്‍ ചെറിയ അസുഖങ്ങള്‍ക്ക് ചികിത്സ തേടാന്‍ മടിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇത് പരിഹരിക്കുകയാണ് വില കുറക്കലിലൂടെ സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.