കാന്‍സര്‍: ഒമാനില്‍ ഏറ്റവുമധികം  പടരുന്ന രണ്ടാമത്തെ രോഗം

മസ്കത്ത്: ഹൃദ്രോഗം കഴിഞ്ഞാല്‍ ഒമാനില്‍ ഏറ്റവുമധികം പടരുന്ന രണ്ടാമത്തെ രോഗം കാന്‍സറെന്ന് കണക്കുകള്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,314 പേരില്‍ കാന്‍സര്‍ കണ്ടത്തെിയിട്ടുണ്ട്. ഇതില്‍ 1212 പേര്‍ സ്വദേശികളും 102 പേര്‍ പ്രവാസികളുമാണെന്ന് നാഷനല്‍ ഓങ്കോളജി സെന്‍റര്‍ ഡയറക്ടര്‍ ഡോ. ബാസിം ബിന്‍ ജാഫര്‍ അല്‍ ബഹ്റാനി പ്രാദേശിക ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 
7.3 ശതമാനം കാന്‍സര്‍ രോഗികളും 14 വയസ്സില്‍ താഴെയുള്ളവരാണ്. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, രക്താര്‍ബുദം, തൈറോയ്ഡ്, ലിവര്‍, കിഡ്നി, ലിംഫോമസ് കാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്. 
സ്ത്രീകളില്‍ സ്തനാര്‍ബുദവും പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറുമാണ് കൂടുതലായി കണ്ടത്തെിയത്. 155 സ്തനാര്‍ബുദരോഗികളെയും 57 പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരെയും കണ്ടത്തെിയിട്ടുണ്ട്. കാന്‍സര്‍ മരുന്നുകള്‍ക്കായി കഴിഞ്ഞവര്‍ഷം ആറു ദശലക്ഷം റിയാലാണ് ആരോഗ്യ മന്ത്രാലയം ചെലവഴിച്ചത്. 
കാന്‍സര്‍ ചികിത്സക്കായി നൂതന സൗകര്യങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. മജ്ജ മാറ്റിവെക്കലിനുള്ള സൗകര്യമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ന്യൂക്ളിയാര്‍ ആക്സിലറേറ്റര്‍, മോളിക്യുലാര്‍ ന്യൂക്ളിയര്‍ മെഡിസിന്‍ തുടങ്ങിയവ ആരംഭിച്ചു.ട്യൂമര്‍ ചികിത്സക്കായും ആധുനിക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു ദശലക്ഷം റിയാല്‍ ചെലവില്‍ മുഴുവന്‍ ശരീരത്തിനും റേഡിയോളജി ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം ആരംഭിച്ചതും നേട്ടമാണെന്ന് ഡയറക്ടര്‍ പറഞ്ഞു. സാംക്രമികമല്ലാത്ത രോഗങ്ങളുടെ നിയന്ത്രണത്തിന് ആരോഗ്യമന്ത്രാലയം ദേശീയതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സ്തനാര്‍ബുദ പരിശോധനക്കായി അല്‍ ദാഖിറ, വടക്കന്‍ ശര്‍ഖിയ, അല്‍ ബുറൈമി, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ പ്രത്യേക പരിശോധനാ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് അല്‍ ബഹ്റാനി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.