മലയാളി സമൂഹത്തിലെ ആദ്യ ടോസ്റ്റ്  മാസ്റ്റേഴ്സ് ക്ളബിന് തുടക്കമായി

മസ്കത്ത്: ഒമാനിലെ പ്രവാസി മലയാളി സമൂഹത്തിലെ ആദ്യ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബിന് ഒൗദ്യോഗിക തുടക്കമായി. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് ഹാളില്‍ നടന്ന പരിപാടിയില്‍  ഇന്ത്യന്‍ സ്ഥാനപതി  ഇന്ദ്രമണി പാണ്ഡേ ക്ളബിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള ഭാഷയുടെ പ്രചാരണത്തിനും പുതിയ തലമുറക്ക്  മാതൃഭാഷയെക്കുറിച്ചുള്ള അവബോധത്തിനും വ്യക്തികളില്‍  നേതൃപാടവം, ആശയ വിനിമയ ശേഷി എന്നിവ വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബിന്‍െറ പ്രവര്‍ത്തനം സഹായകമാകുമെന്ന്  അദ്ദേഹം  പറഞ്ഞു. 
ഇന്ത്യയിലെ  ഇതര ഭാഷകളുടെ പ്രചാരണത്തിനും കൂടെ നേതൃപാടവം, വ്യക്തിവികാസം എന്നിവ  വളര്‍ത്തുന്നതിനും  ഇത്തരം സംരംഭങ്ങള്‍ മാതൃകയാകുമെന്നു അദ്ദേഹം  പ്രത്യാശ  പ്രകടിപ്പിച്ചു. വേണു ജി നാഗലശ്ശേരി രചിച്ച  തീം സോങ്ങോടെയാണ് പരിപാടിക്ക് തുടക്കമായത്. അന്തരിച്ച  കവി ഒ.എന്‍.വി, കഥാകൃത്ത്  അക്ബര്‍ കക്കട്ടില്‍, ചലച്ചിത്ര നടി കല്‍പന, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍, സംഗീതസംവിധായകന്‍ രാജാ മണി എന്നിവര്‍ക്ക്  ചടങ്ങില്‍ ആദരാഞ്ജലി  അര്‍പ്പിച്ചു. പ്രസിഡന്‍റ് പി.ആര്‍.  വേണുഗോപാല്‍  അധ്യക്ഷത വഹിച്ചു.  ഡിവിഷന്‍ ഡയറക്ടര്‍ സിപ്രിയാന്‍ മിസ്കിറ്റ്, വൈസ് പ്രസിഡന്‍റ് ജോര്‍ജ് മേലാടന്‍ തോമസ്, ഏരിയ ഡയറക്ടര്‍ ഏലിയാസ്  എബ്രഹാം, ജനറല്‍ കണ്‍വീനര്‍ ടി. ഭാസ്കരന്‍  എന്നിവര്‍ സംസാരിച്ചു. 
വാര്‍ത്താ പത്രികയായ തൂലികയുടെയും ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബ് വെബ്സൈറ്റിന്‍െറയും പ്രകാശനം അംബാസഡറും അസി. ഡിസ്ട്രിക്ട് ഗ്രോത്ത് ഡയറക്ടര്‍ ക്ളീറ്റ ക്രസ്ട്ടയും നിര്‍വഹിച്ചു. ഉദ്ഘാടന ഭാഗമായി വൈറ്റ് റോസസ് കലാകേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ കേരളത്തിന്‍െറ ചരിത്രവും പൈതൃകവും സംസ്കാരവും അനാവരണം ചെയ്യുന്ന വിവിധ കലാപരിപാടികള്‍  അവതരിപ്പിച്ചു. ലക്ഷ്മി കോത്തനത്തേ്  ബിജു പരുമല എന്നിവര്‍ അവതാരകരായിരുന്നു. വ്യക്തിത്വ വികസനം, നല്ല രീതിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ്, നേതൃത്വ  പാടവം എന്നിവ വളര്‍ത്തിയെടുക്കുന്നതിന് ഉപകരിക്കുന്ന രീതിയിലാണ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബ്ബിന്‍െറ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. 
സ്വയം പരിശീലിച്ചും പരസ്പരം തിരുത്തിയും എല്ലാ അംഗങ്ങള്‍ക്കും  തങ്ങളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാം. പരിശീലനങ്ങളിലൂടെ ശ്രദ്ധിച്ചുകേള്‍ക്കാനുള്ള കഴിവ്, ഓര്‍മശക്തി, മറ്റുള്ളവരുടെ നന്മകള്‍ തിരിച്ചറിയാനുള്ള കഴിവ് എന്നിവ വളര്‍ത്തിയെടുക്കാം. 
ജീവിതവിജയത്തിനുള്ള പരിശീലനം മാതൃഭാഷ തടസ്സമാകാതെ എങ്ങനെ നിര്‍വഹിക്കാമെന്ന ചിന്തയില്‍നിന്നാണ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബ് പിറവിയെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു. 
സുല്‍ത്താന്‍ സെന്‍റര്‍  റാംഫോര്‍ഡ്  ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നുമണി  മുതല്‍ അഞ്ചു വരെയാണ് ക്ളാസുകള്‍. വിവരങ്ങള്‍ക്ക്: 99318980, 99038390. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.