മസ്കത്ത് വിമാനത്താവളത്തില്‍ പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തുന്നു

മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തുന്നു. ഈ മാസം 15 മുതലാണ് പുതിയ സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭിക്കുക. ദീര്‍ഘകാലത്തേക്ക് വാഹനം പാര്‍ക്ക് ചെയ്യാനുള്ള  സൗകര്യവും പുതുതായി ഒരുക്കുന്നുണ്ട്. 
വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പാര്‍ക്കിങ് സൗകര്യം സജ്ജമാക്കുന്നത്. നിലവിലുള്ള പാര്‍ക്കിങ്ങില്‍ കൂടുതല്‍ നിലകള്‍ തയാറാക്കിയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. സാധാരണ പാര്‍ക്കിങ്ങുകള്‍ക്ക് നിലവിലെ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. എന്നാല്‍, കൂടുതല്‍ സമയം പാര്‍ക്ക്ചെയ്യുന്നവരുടെ നിരക്കുകള്‍ പുനര്‍നിശ്ചയിച്ചിട്ടുണ്ട്. ആദ്യത്തെ 24 മണിക്കൂര്‍ സമയത്തേക്ക് മൂന്ന് റിയാലാണ് പാര്‍ക്കിങ് നിരക്ക്. രണ്ടാം ദിവസം നാല് റിയാലും മൂന്നാം ദിവസം അഞ്ച് റിയാലും നാലാം ദിവസം ആറ് റിയാലും അടക്കേണ്ടി വരും. അഞ്ചാം ദിവസം മുതല്‍ ഓരോ ദിവസത്തേക്കും ഏഴ് റിയാലും അടക്കണം. വിശദമായ പഠനത്തിനുശേഷമാണ് നിരക്കുകള്‍ നിശ്ചയിച്ചതെന്ന് വിമാനത്താവള മാനേജിങ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. മസ്കത്ത് വിമാനത്താവളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ പദ്ധതി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിമാനത്താവളത്തിലെ തിരക്ക് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ പാര്‍ക്കിങ് സൗകര്യത്തിന്‍െറ കുറവ് വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഉത്സവവേളകളിലും മറ്റും റോഡിലടക്കം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടിവന്നിരുന്നു. ദീര്‍ഘകാല പാര്‍ക്കിങ് ഏരിയയില്‍ 670 വാഹനങ്ങള്‍ ഉള്‍ക്കൊള്ളും. ഇനിയും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി യാത്രക്കാരുടെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.