ബര്‍കയില്‍ മെഡിക്കല്‍ സിറ്റി: ധാരണപത്രം ഒപ്പുവെച്ചു

മസ്കത്ത്: ആരോഗ്യമന്ത്രാലയത്തിന്‍െറ ഒമ്പതാം പഞ്ചവത്സര പദ്ധതിയില്‍പ്പെട്ട (2016-2020) മെഡിക്കല്‍ സിറ്റിയുടെ നിര്‍മാണം സംബന്ധിച്ച് ധാരണപത്രം ഒപ്പുവെച്ചു. ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുമായാണ് (ഒ.ഐ.എഫ്) ആരോഗ്യ മന്ത്രാലയവും ആസൂത്രണ സുപ്രീം കൗണ്‍സിലും (എസ്.സി.പി) ധാരണപത്രം ഒപ്പുവെച്ചത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി, എസ്.സി.പി സെക്രട്ടറി ജനറല്‍ സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്സി, ഒ.ഐ.എഫ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ശൈഖ് ഹസന്‍ ബിന്‍ അഹമ്മദ് അല്‍ നബ്ഹാനി എന്നിവര്‍ ധാരണപത്രത്തില്‍ ഒപ്പിട്ടു. ബര്‍കയില്‍ 50 ലക്ഷം ചതുരശ്ര മീറ്ററില്‍ നിരവധി സ്പെഷാലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെയാണ് മെഡിക്കല്‍ സിറ്റി വരുന്നത്. ജനറല്‍ സ്പെഷാലിറ്റി ആശുപത്രികള്‍, കുട്ടികളുടെ ആശുപത്രി, ട്രോമാ സെന്‍റര്‍, പുനരധിവാസ കേന്ദ്രം, ന്യൂറോളജി സെന്‍റര്‍, റേഡിയോളജി സെന്‍റര്‍, മെഡിക്കല്‍ ലബോറട്ടറി, വിദ്യാഭ്യാസ-പരിശീലന-ഗവേഷണ കേന്ദ്രം, ഹെല്‍ത്ത് സയന്‍സസ് കോളജ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി. ആരോഗ്യ മേഖലയില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനും അവസരമൊരുക്കും. ആശുപത്രികള്‍, ക്ളിനിക്കുകള്‍ എന്നിവ മാത്രമല്ല ഷോപ്പിങ് സെന്‍ററുകള്‍, ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവയും തുടങ്ങാനാകും. മികച്ച ആരോഗ്യ സേവനം മാത്രമല്ല, സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കലും മെഡിക്കല്‍ സിറ്റിയുടെ ലക്ഷ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.