വിദ്യാര്‍ഥികളെ അലട്ടുന്നത് മറവിയും മാനസിക സംഘര്‍ഷവുമെന്ന് സി.ബി.എസ്.ഇ കൗണ്‍സലര്‍

മസ്കത്ത്: പരീക്ഷയെ സമീപിക്കുന്ന വിദ്യാര്‍ഥികളെ ഏറെ അലട്ടുന്നത് മറവിയും മാനസിക സംഘര്‍ഷവുമാണെന്ന് ദാര്‍സൈത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പലും ഒമാനിലെ സി.ബി.എസ്.ഇ കൗണ്‍സലറുമായ ഡോ. ശ്രീദേവി പി. തഷ്നത്ത്. പരീക്ഷയടുക്കുമ്പോള്‍ ഉണ്ടാകുന്ന നിരവധി സംഘര്‍ഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത് മറവിയാണ്. 
എത്ര പഠിച്ചാലും പെട്ടെന്ന് മറന്നുപോകുന്നതാണ് നിരവധി കുട്ടികളുടെ പ്രധാന പ്രശ്നം. മറ്റു ചിലര്‍ക്ക് മാനസിക സംഘര്‍ഷമാണ്. തനിക്ക് 90 ശതമാനത്തിലധികം മാര്‍ക്ക് കിട്ടുമോ, കിട്ടിയില്ളെങ്കില്‍ എന്ത് ചെയ്യും തുടങ്ങിയ ആശങ്കകള്‍. ഇത്തരം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസം പകരാന്‍ സി.ബി.എസ്.ഇ അധികൃതരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന കൗണ്‍സലിങ് പദ്ധതി കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 10, 12 ക്ളാസ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്ന കൗണ്‍സലിങ്ങിലൂടെ ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരമുണ്ടാക്കാനും എങ്ങനെ പഠിക്കണം, എങ്ങനെ മനസ്സിനെ നിയന്ത്രിക്കാം തുടങ്ങിയ വിഷയങ്ങള്‍ ബോധ്യപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. പരീക്ഷ എഴുതിക്കഴിഞ്ഞാലും പലര്‍ക്കും പിരിമുറുക്കമുണ്ടാകും. പരീക്ഷക്ക് ശരിയായ രീതിയില്‍ ഉത്തരം എഴുതാന്‍ കഴിഞ്ഞില്ല, വിചാരിച്ച മാര്‍ക്ക് നേടാന്‍ കഴിയില്ല തുടങ്ങിയ ആശങ്കയാണ് ഇതിന് കാരണം. ഈ സംഘര്‍ഷത്തിന് അയവുവരുത്തല്‍ നിര്‍ബന്ധമാണ്. അല്ളെങ്കില്‍ ആത്മഹത്യ അടക്കമുള്ള പ്രവണതകളിലേക്ക് കുട്ടികള്‍ നീങ്ങും. അതിനാല്‍, ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികള്‍ നിര്‍ബന്ധമായും കൗണ്‍സലിങ്ങിനായി ബന്ധപ്പെടണമെന്ന് ഡോ. ശ്രീദേവി നിര്‍ദേശിച്ചു.
 നിരന്തരമായ ബോധവത്കരണത്തിലൂടെ രക്ഷിതാക്കളുടെ വീക്ഷണത്തിലും മാറ്റമുണ്ടായിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനുമുമ്പ് വിദ്യാര്‍ഥികളെക്കാള്‍ ആശങ്കയും പരീക്ഷാപ്പനിയും രക്ഷിതാക്കള്‍ക്കായിരുന്നു. തന്‍െറ മകന്‍ ഡോക്ടറോ എന്‍ജിനീയറോ ആകണമെന്നായിരുന്നു എല്ലാ രക്ഷിതാക്കളുടെയും ആഗ്രഹം. അത് അന്തസ്സിന്‍െറ വിഷയമായി പലരും പരിഗണിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. കുട്ടിയുടെ അഭിരുചിക്കനുസരിച്ചാണ് തുടര്‍പഠനം നടത്തേണ്ടതെന്ന ബോധം രക്ഷിതാക്കളില്‍ ഉണ്ടാക്കാന്‍ സ്കൂളുകള്‍ കേന്ദ്രമായി നടത്തുന്ന ബോധവത്കരണത്തിലൂടെ സാധിച്ചിട്ടുണ്ട്.  
ഈ മാസം ഒന്ന് മുതലാണ് ഈ വര്‍ഷത്തെ 10, 12 ക്ളാസ് വിദ്യാര്‍ഥികള്‍ക്കായി കൗണ്‍സലിങ് ആരംഭിച്ചത്. പ്രവൃത്തിദിനങ്ങളില്‍ വൈകീട്ട് നാലുമുതല്‍ എട്ട് വരെയായിരിക്കും ടെലിഫോണ്‍ വഴിയുള്ള കൗണ്‍സലിങ്. നിരവധി പേര്‍ ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തുന്നതായി ശ്രീദേവി പറഞ്ഞു. ദിവസവും ശരാശരി 10 പേരെങ്കിലും വിളിക്കുന്നുണ്ട്. ടെലിഫോണില്‍ ബന്ധപ്പെടുന്ന കുട്ടികളും രക്ഷിതാക്കളുമായി ഏറെ സമയം വിഷയങ്ങള്‍ പങ്കുവെക്കേണ്ടതിനാല്‍ കൂടുതല്‍ പേരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ളെന്നും അവര്‍ പറഞ്ഞു.  പരീക്ഷ കഴിഞ്ഞാലും ഏപ്രില്‍ 22 വരെ കൗണ്‍സലിങ് സേവനം ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് cbsecounsellor@isdoman.com എന്ന ഇ-മെയില്‍ വിലാസത്തിലോ 99432243 എന്ന നമ്പറിലോ ബന്ധപ്പെടാം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.