???????? ??????

വാഹനാപകടം: പരിക്കേറ്റ മലയാളിക്ക് 73 ലക്ഷം രൂപ നഷ്ടപരിഹാരം

മസ്കത്ത്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 73.76 ലക്ഷം രൂപ (42500 റിയാല്‍) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കഴിഞ്ഞ ഒക്ടോബറില്‍ ബര്‍ക്കയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ പാലക്കാട് തൃത്താല ആലൂര്‍ കോരക്കോട്ടില്‍ വീട്ടില്‍ മുഹമ്മദിന്‍െറ മകന്‍ അന്‍വര്‍ സാദിഖിന് (31) നഷ്ടപരിഹാരം നല്‍കാനാണ് റുസ്താഖ് അപ്പീല്‍ കോടതി വിധി.
ബര്‍ക്ക സൂഖ് റോഡില്‍ തയ്യല്‍ക്കാരനായി ജോലിചെയ്യുകയായിരുന്ന സാദിഖിന് ഒക്ടോബര്‍ നാലിനാണ് അപകടം സംഭവിച്ചത്. സുഹൃത്ത് ഫാറൂഖുമൊത്ത് ഫുട്പാത്തിലൂടെ നടന്നുപോകവേ സൂഖ് റോഡില്‍  ജാമിഅ സലാം മസ്ജിദിന് സമീപം പിന്നില്‍നിന്ന് അമിത വേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
ഇടിയേറ്റ് മൂന്നു മീറ്ററോളം അകലേക്ക് തെറിച്ചുവീണ അന്‍വര്‍ സാദിഖിനെ ഉടന്‍ ബര്‍ക്ക സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് അല്‍ഖൂദ് സുല്‍ത്താന്‍ ആശുപത്രിയിലും എത്തിച്ചു. 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് ബോധംവന്നത്. അപകടത്തില്‍ തോളെല്ല് പൊട്ടുകയും തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്തു. ഒരു മാസത്തോളം ഇവിടെ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് കെ.എം.സി.സി, സോഷ്യല്‍ഫോറം, വീഹെല്‍പ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയത്.
വൈക്കം ചെമ്മനാഗിരിയിലെ ഇന്തോ അമേരിക്കന്‍ ആശുപത്രിയില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷം ഇദ്ദേഹം വീട്ടില്‍ തിരിച്ചത്തെിയിട്ടുണ്ട്. ഖാലിദ് അല്‍ വഹൈബി അഡ്വക്കേറ്റ്സിലെ അഡ്വ.എം.കെ. പ്രസാദാണ് നഷ്ടപരിഹാര കേസ് വാദിച്ചത്. അപകടത്തില്‍പെട്ടയാളുടെ ചെറുപ്പത്തിനൊപ്പം ജീവിതകാലം മുഴുവന്‍ ആശ്രയം വേണമെന്നതും കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം വിധിച്ചതെന്ന് അഡ്വ. പ്രസാദ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.