സലാല: മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവെടുപ്പിനായി വിളിപ്പിച്ച പാകിസ്താന്‍ സ്വദേശിയെ വിട്ടയച്ചു. ഭര്‍ത്താവ് ലിന്‍സന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തന്നെയാണ്. ഇയാളില്‍നിന്ന് തെളിവെടുപ്പ് തുടരുകയാണ്.
പാകിസ്താന്‍ സ്വദേശിയെ കഴിഞ്ഞദിവസമാണ് വിട്ടയച്ചത്. ലിന്‍സന്‍-ചിക്കു ദമ്പതികളുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന പാകിസ്താന്‍ സ്വദേശിയെ സംഭവവുമായി ബന്ധിപ്പിക്കാന്‍ തക്ക തെളിവൊന്നും ലഭിക്കാത്തതിനാലാണ് വിട്ടയച്ചതെന്നറിയുന്നു. സംഭവത്തിന്‍െറ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കൊലപാതകമെന്നതിനാല്‍ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലയാളികള്‍ കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, അന്വേഷണത്തിന്‍െറ ഭാഗമായി ചിക്കു ജോലിചെയ്തിരുന്ന ആശുപത്രിയിലെ പുരുഷജീവനക്കാരുടെ വിരലടയാളം പൊലീസ് ചൊവ്വാഴ്ച ശേഖരിച്ചു. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചിക്കുവിന്‍െറ കൊല നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതു സംബന്ധിച്ച അനിശ്ചിതാവസ്ഥ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.
എംബസിയുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ആസൂത്രിത കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമായതിനാല്‍ എംബസിയുടെ ഇടപെടലിനും പരിമിതികളുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസില്‍നിന്നും വിദേശകാര്യമന്ത്രിയുടെ ഓഫിസില്‍നിന്നുമെല്ലാം കാര്യങ്ങള്‍ വേഗത്തിലാക്കണമെന്ന് കാട്ടി എംബസിയില്‍ ബന്ധപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമെല്ലാം ഊഹാപോഹങ്ങളും വ്യാപകമാണ്.
ചിക്കുവിന്‍െറ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായാണ് ഏറ്റവും ഒടുവില്‍ പ്രചരിക്കുന്ന ഊഹാപോഹം.
എന്നാല്‍ പൊലീസ് ഇതുവരെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.