മസ്കത്ത്: സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള വിവിധ സേവനനിരക്കുകള്‍ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) വര്‍ധിപ്പിച്ചു. ഇതോടൊപ്പം ആയുധങ്ങള്‍ കൈവശംവെക്കുന്നതടക്കം വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴസംഖ്യയിലും വര്‍ധന വരുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളല്ളെന്ന് കാണിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന് പ്രവാസികള്‍ ഇനിമുതല്‍ 20 റിയാല്‍ നല്‍കണം. വിലടയാള പരിശോധനക്ക് പത്ത് റിയാല്‍ ഫീസ് നല്‍കണം.
സ്വദേശികള്‍ക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്, പ്രമാണങ്ങള്‍ തയാറാക്കല്‍, കമ്പനി പ്രതിനിധികള്‍ക്ക് അധികാരപത്രം നല്‍കല്‍ എന്നിവക്ക് 10 റിയാല്‍വീതം ഇനി നല്‍കണം. കരാറുകാര്‍, ചരക്കുനീക്കം, സേവനരംഗം തുടങ്ങിയ മേഖലകളിലെ വാര്‍ഷിക രജിസ്ട്രേഷനും പുതുക്കലിനും 20 റിയാലാകും ഇനി ഫീസെന്ന് പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹസന്‍ ബിന്‍ മൊഹ്സിന്‍ അല്‍ ഷറൈഖി അറിയിച്ചു. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ചും മറ്റും അധിക വിഭവസമാഹരണം നടത്താന്‍ ധനകാര്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് പുതിയ ഫീസ് വര്‍ധനയെന്നാണ് സൂചന. അനധികൃതമായി തോക്കുകള്‍ കൈവശംവെക്കുന്നവര്‍ക്കുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആയുധം ഏത് വിഭാഗത്തിലുള്ളതാണെന്ന് അനുസരിച്ച് 40 മുതല്‍ 100 റിയാല്‍വരെയാകും പിഴചുമത്തുക. തോക്കിന്‍െറ ലൈസന്‍സ് പുതുക്കാത്ത വ്യക്തികള്‍ക്ക് 40 റിയാലും ഷൂട്ടിങ് ക്ളബുകള്‍ക്ക് 150 റിയാലും പിഴചുമത്തും. ലൈസന്‍സില്ലാത്ത 50 ബുള്ളറ്റുവരെ കൈവശംവെക്കുന്നവര്‍ക്ക് 60 റിയാലാകും പിഴ. ശബ്ദമില്ലാത്ത തോക്കുകള്‍ അനുമതിയില്ലാതെ കൈവശം വെക്കുന്നവരില്‍നിന്ന് നൂറ് റിയാല്‍ പിഴ ഈടാക്കും. തോക്ക് മറ്റൊരാള്‍ക്ക് കൈമാറുന്നവരില്‍നിന്ന് 50 റിയാലും തോക്കോ വെടിമരുന്നോ മോഷണംപോവുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടും അറിയിക്കാത്തവരില്‍നിന്ന് 150 റിയാലും ആയുധങ്ങള്‍ക്കും വെടിമരുന്ന് വില്‍പനക്കുമുള്ള ലൈസന്‍സ് പുതുക്കാത്തവരില്‍നിന്ന് 200 റിയാലും പിഴചുമത്തുമെന്ന് പൊലീസ് അറിയിച്ചു. മനുഷ്യജീവനും വസ്തുവഹകള്‍ക്കും നാശമുണ്ടാകുമെന്നതിനാല്‍ പൊതുസ്ഥലങ്ങളിലെ വെടിക്കെട്ടിന് ആര്‍.ഒ.പി നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ജനവാസമുള്ള തുറന്നസ്ഥലങ്ങളിലെ വെടിക്കെട്ടിനും നിരോധം ബാധകമാണ്. നിയമം ലംഘിക്കുന്നവരില്‍നിന്ന് നൂറ് റിയാല്‍ പിഴചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.