യു.എ.ഇയിലേക്കുള്ള  യാത്രാ ചെലവ് കൂടും

മസ്കത്ത്: ഒമാനില്‍നിന്ന് യു.എ.ഇയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രാ ചെലവ് കൂടും. യു.എ.ഇ സര്‍ക്കാര്‍ വിവിധ വിമാനത്താവളങ്ങള്‍ വഴി പുറത്തുപോകുന്നവര്‍ക്ക് വിമാനത്താവള ഫീസ് ചുമത്തിയതിനാലാണിത്. യു.എ.ഇ വിടുന്ന എല്ലാ യാത്രക്കാരും 3.6 ഒമാനി റിയാലാണ് വിമാനത്താവള നികുതി നല്‍കേണ്ടത്. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവരാണ് നികുതി നല്‍കേണ്ടത്. ജൂണ്‍ 30 മുതല്‍ നികുതി ടിക്കറ്റിനോടൊപ്പം ഈടാക്കുമെന്ന് എമിറേറ്റ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. എന്നാല്‍ വിമാന ജീവനക്കാരും രണ്ട് വയസില്‍ താഴെയുള്ള കുട്ടികളും വിമാനത്താവള നികുതി നല്‍കേണ്ടതില്ല. ദുബൈ വിമാനത്താവളത്തിന്‍െറ വികസനചെലവിലേക്കാണ് ദുബൈ യാത്രക്കാരില്‍ നിന്ന് സ്വരൂപിക്കുന്ന നികുതി ഉപയോഗിക്കുക.
അതിനിടെ, ഒമാനില്‍നിന്ന് യു.എ.ഇയിലേക്കുള്ള യാത്രക്കാര്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ വിസ എടുക്കണമെന്ന നിയമവും ഈ മാസം അവസാനം മുതല്‍ കര്‍ക്കശമാക്കും. നേരത്തേ, ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്യുന്നവര്‍ക്ക് വിമാനത്താവങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ ലഭിച്ചിരുന്നു. 
ഇത് യാത്രക്കാര്‍ക്ക് ഏറെ എളുപ്പവുമായിരുന്നൂ. വിവിധ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ലഭിച്ചിരുന്നു. എന്നാല്‍ പുതിയ നിയമമനുസരിച്ച് ഓണ്‍ലൈന്‍ വിസ ലഭിച്ചവരെ മാത്രമേ യു.എ.ഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കൂ. ഓണ്‍ലൈന്‍ വിസയുടെ നടപടിക്രമങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. ഇത് ഒമാനില്‍നിന്ന് യു.എ.ഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമാക്കും. 
ടിക്കറ്റുകള്‍ക്കൊപ്പം വിമാനത്താവള നികുതിയായി 3.6 റിയാല്‍ ഈടാക്കുന്നതും സാധാരണക്കാരെ ബാധിക്കും. 
വാണിജ്യ ആവശ്യാര്‍ഥം ഇടക്കിടെ യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന ചെറുകിട കച്ചവടക്കാരെയും നികുതി പ്രതികൂലമായി ബാധിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.