‘എന്ന് നിന്‍െറ മൊയ്തീനു’മായി സഹകരിച്ചത്  രമേഷ് നാരായണന്‍െറ ആവശ്യപ്രകാരം  –എം. ജയചന്ദ്രന്‍

മസ്കത്ത്:  ‘എന്ന് നിന്‍െറ മൊയ്തീനു’മായി സഹകരിച്ചത് രമേഷ് നാരായണന്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍. ഈ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കക്ഷിചേരാന്‍ താന്‍ ആഗ്രഹിക്കുന്നില്ളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
പ്രതീക്ഷ ഒമാന്‍ അഞ്ചാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ജയചന്ദ്രന്‍ മസ്കത്തില്‍ എത്തിയത്. മൊയ്തീനില്‍ മൂന്നു ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ട് പൃഥ്വിരാജാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. എന്നാല്‍, രമേഷ് നാരായണന്‍ ആവശ്യപ്പെട്ടാല്‍ ചെയ്യാമെന്നാണ് താന്‍ മറുപടി പറഞ്ഞത്. 
ഇത് പ്രകാരം രമേഷ് നാരായണന്‍ തന്നെ ടെലിഫോണില്‍ വിളിക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതുപ്രകാരമാണ് താന്‍ ചിത്രത്തില്‍ സഹകരിച്ചത്. വിവാദങ്ങള്‍ ഇഷ്ടപ്പെടാത്തയാളാണ് താന്‍. സംഗീതം മനസ്സിലുണ്ടാകണമെങ്കില്‍ രാഷ്ട്രീയം പാടില്ല. 
എല്ലാവരുടെയും സംഗീതം ഇഷ്ടപ്പെടുമ്പോള്‍ മാത്രമേ നല്ല സംഗീതജ്ഞനാകാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലെ പരീക്ഷണങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എല്ലാ രംഗത്തും കഴിവുള്ള ചെറുപ്പക്കാര്‍ കടന്നുവരുന്നുണ്ട്. ചലച്ചിത്ര സംഗീതമേഖലയില്‍ അന്യഭാഷാ സംഗീത ശൈലികളുടെ സ്വാധീനം ശക്തമാണെന്ന വാദത്തില്‍ കഴമ്പില്ല. സംഗീതം എല്ലാം ഒന്നുതന്നെയാണ്. 
ഒരു സിനിമക്ക് എന്താണോ ആവശ്യം അത് നല്‍കണം. എല്ലാതരം സംഗീതവും നമുക്ക് വേണം. മലയാളി ഗായികമാരെ താന്‍ അവഗണിക്കുന്നതായുള്ള ആക്ഷേപങ്ങളിലും ഒരു കാര്യവുമില്ല. ഒരു പാട്ടിന് ഏറ്റവുമധികം ചേരുന്നത് ആരുടെ ശബ്ദമാണെന്നതും പാട്ടിന്‍െറ രീതിയും ശൈലിയും നോക്കിയുമാണ് ആരു പാടണമെന്ന് തീരുമാനിക്കുക. ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ ആ സമയംകൂടി പരിശീലനത്തിനായി ചെലവിടുകയാണ് വേണ്ടതെന്നും ജയചന്ദ്രന്‍ പറഞ്ഞു.
 പ്രതീക്ഷ ഒമാന്‍ പ്രസിഡന്‍റ് കെ.പത്മകുമാര്‍, പ്രോഗ്രാം കോ. കണ്‍വീനര്‍ റെജി കെ. തോമസ്, ട്രഷറര്‍ വിനേഷ് കണ്ണൂര്‍, വൈസ് പ്രസിഡന്‍റ് ശശികുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ഇന്ന് വൈകീട്ട് റൂവി അല്‍ ഫലാജ് ഹോട്ടലിലാണ് വാര്‍ഷിക പരിപാടികള്‍. വൈകീട്ട് 5.45ന് പരിപാടി ആരംഭിക്കും. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്യും. കേരള സര്‍ക്കാറിന്‍െറ മസ്തിഷ്ക മരണാനന്തര പദ്ധതിയുടെ (മൃതസഞ്ജീവനി) ചീഫ് കോഓഡിനേറ്ററും  തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോക്ടര്‍ തോമസ് മാത്യു, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.