മസ്കത്ത്: അറബിക്കടലില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപപ്പെട്ട ചുഴലിക്കാറ്റ് ‘ചപാല’ ശനിയാഴ്ച വൈകുന്നേരത്തോടെ ഒമാന്‍ തീരത്തോട് അടുത്തത്തെുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച ലഭിച്ച മുന്നറിയിപ്പനുസരിച്ച് ദോഫാറില്‍നിന്ന് 900 കിലോമീറ്റല്‍ അകലെ മാത്രമാണ് കാറ്റുള്ളത്. കാറ്റിന് ഉപരിതലത്തില്‍ മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയാണുള്ളത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാറ്റ് സംബന്ധിച്ച് വ്യക്തമായ രൂപം ലഭിക്കും. കാറ്റ് ശക്തമായ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ദോഫാര്‍, യമന്‍ എന്നീ തീരത്തേക്ക് നീങ്ങുമോ എന്നും സൂചനകള്‍ ലഭിക്കും. ‘ചപാല’യുടെ ഫലമായി അല്‍വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്.
റാസല്‍ ഹദ്ദ് മുതല്‍ ദോഫാര്‍ വരെയുള്ള കടല്‍ത്തീരങ്ങള്‍ പ്രക്ഷുബ്ധമാകാനും മൂന്ന് മുതല്‍ അഞ്ച് വരെ മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ പൊങ്ങാനും സാധ്യതയുണ്ട്. ശക്തമായ മഴയില്‍ പലഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനും വാദികള്‍ കവിയാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഒൗദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വാദിയില്‍ വാഹനമിറക്കരുതെന്നും ശക്തമായ മഴയില്‍ വാഹനം ഒഴുകിപ്പോകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദം മറ്റ് ഭാഗങ്ങളെ ബാധിക്കുമോ എന്നും നാളെയോടെ അറിയാന്‍ കഴിയും. ന്യൂനമര്‍ദം കാരണമുണ്ടാകുന്ന ചുഴലിക്കാറ്റും മഴയും നേരിടാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതായി ദോഫാര്‍ മുനിസിപ്പാലിറ്റി അറിയിച്ചു.
അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും രൂപപ്പെടുന്ന കാറ്റുകള്‍ക്ക് വിവിധ രാജ്യങ്ങള്‍ ക്രമത്തിലാണ് പേര് നല്‍കാറ്. ചപാലയെന്ന പേര് നല്‍കിയത് ബംഗ്ളാദേശാണ്.
പൊതുവെ മഴരഹിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒമാനില്‍ 2007 ജൂണില്‍ ഗോനു ചുഴലിക്കാറ്റ് വീശിയശേഷം കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നുണ്ട്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വരെ വേഗതയില്‍ അടിച്ചുവീശിയ ഗോനു ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും നിരവധി പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തിരുന്നു.
ഗോനുവില്‍ 49 പേര്‍ മരിക്കുകയും നാല് ശതകോടി ഡോളറിന്‍െറ നാശനഷ്ടമുണ്ടായി എന്നുമാണ് ഒൗദ്യോഗിക കണക്ക്. ഗോനുവിന്‍െറ നാശനഷ്ടങ്ങള്‍ സഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഖുറിയാത്ത് ഭാഗങ്ങളില്‍ കേടുവന്ന കെട്ടിടങ്ങള്‍ ഇപ്പോഴും കാണാം. 1977നുശേഷമുള്ള ഏറ്റവും വലിയ ദുരന്തമായാണ് ഗോനു കണക്കാക്കപ്പെടുന്നത്.
2010ല്‍ അടിച്ചുവീശിയ ഫെറ്റ് ചുഴലിക്കാറ്റും ഒമാനില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. 780 ദശലക്ഷം ഡോളറിന്‍െറ നാശനഷ്ടമാണ് അന്ന് ഉണ്ടായത്. 2011ലെ കീല ചുഴലിക്കാറ്റില്‍ 14 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് വര്‍ഷത്തില്‍ പല തവണയുണ്ടാകുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷം ജൂണിലുണ്ടായ അശോഭ ചുഴലിക്കാറ്റിലും നാശനഷ്ടങ്ങളുണ്ടായിരുന്നു. ഈ മാസം 15ന് ഒമാന്‍െറ ചില ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയില്‍ എട്ടുപേര്‍ മരിക്കുകയും വന്‍ നാശങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
അധികൃതര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാല്‍ അടുത്തിടെയുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നഷ്ടങ്ങള്‍ കുറവാണ്. ബോധവത്കരണം നടത്തുന്നതിലും അധികൃതര്‍ ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.