പണിമുടക്ക് ആഹ്വാനവുമായി തൊഴിലാളി യൂനിയനുകള്‍

മസ്കത്ത്: എണ്ണ മേഖലയുമായി ബന്ധപ്പെട്ട കരാര്‍ കമ്പനികളില്‍നിന്ന് സ്വദേശി തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്താന്‍ തൊഴിലാളി യൂനിയനുകള്‍ ആഹ്വാനംചെയ്തു. എണ്ണവിലയിടിവിനെ തുടര്‍ന്ന് കരാറുകള്‍ ലഭിക്കുന്നില്ളെന്ന് കാണിച്ച് 1300ഓളം തൊഴിലാളികളെയാണ് വിവിധ കമ്പനികള്‍ പിരിച്ചുവിട്ടതെന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് ട്രേഡ് യൂനിയന്‍ ചെയര്‍മാന്‍ സൗദ് അല്‍ സല്‍മിയെ ഉദ്ധരിച്ച് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ട്. പിരിച്ചുവിടല്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കാട്ടിയാണ് സമരമെന്ന് അല്‍ സല്‍മി പറഞ്ഞു. ദേശീയദിനമായ നവംബര്‍ 18നാണ് സമരം ആരംഭിക്കുക. ആവശ്യങ്ങള്‍ അംഗീകരിച്ച് പിരിച്ചുവിടല്‍ അവസാനിപ്പിക്കുംവരെ സമരം നടത്താനാണ് തീരുമാനം. 
എത്ര പേര്‍ സമരത്തിന് ഇറങ്ങുമെന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഓരോ സ്വദേശി തൊഴിലാളിയും സ്വയം സമരരംഗത്തിറങ്ങാന്‍ തയാറാവുകയാണ് വേണ്ടതെന്ന് അല്‍ സല്‍മി ആവശ്യപ്പെട്ടു. എണ്ണ മേഖലയില്‍ പണിമുടക്ക് സമരങ്ങള്‍ പാടില്ളെന്ന മന്ത്രിതല തീരുമാനത്തെ എതിര്‍ത്താണ് പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്. 
സര്‍ക്കാറിനെതിരായല്ല തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രശ്നത്തിന് അധികൃതര്‍ അടിയന്തര പരിഹാരം കണ്ടത്തെുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ഇരുപതിനായിരത്തിലധികം സ്വദേശികളാണ് രാജ്യത്തെ എണ്ണ, പ്രകൃതിവാതക മേഖലയില്‍ തൊഴിലെടുക്കുന്നത്. 25 ട്രേഡ് യൂനിയനുകളാണ് ഈ രംഗത്തുള്ളത്. പിരിച്ചുവിടല്‍ വഴി രണ്ടായിരത്തോളം കുടുംബങ്ങളുടെ വരുമാനമാര്‍ഗമാണ് ബുദ്ധിമുട്ടിലായത്. ആശങ്കാജനകമായ തൊഴില്‍ സാഹചര്യമാണ് എണ്ണ മേഖലയില്‍ ഇപ്പോഴുള്ളത്. ഈ രംഗത്ത് സമരങ്ങള്‍ നിരോധിച്ചുള്ള മന്ത്രിതല തീരുമാനം പിന്‍വലിക്കണം. കുറഞ്ഞ ശമ്പളം നല്‍കുന്ന അത്യാഗ്രഹികളായ തൊഴിലുടമകളില്‍നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ പുതിയ തൊഴില്‍ നിയമം നടപ്പില്‍ വരുത്തണം. ലേബര്‍ കോടതികള്‍ സ്ഥാപിച്ചും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നത് ഉറപ്പാക്കണമെന്നും അല്‍ സല്‍മി ആവശ്യപ്പെട്ടു. പിരിച്ചുവിട്ട തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എണ്ണ മേഖലയിലെ തൊഴില്‍തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള കമ്മിറ്റി ഇടപെട്ടെങ്കിലും ഫലംകണ്ടില്ല. പിരിച്ചുവിടപ്പെട്ടവര്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. 
ചൊവ്വാഴ്ച പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അല്‍ സല്‍മി പറഞ്ഞു. അമേരിക്കയുമായി ഉണ്ടാക്കിയ സ്വതന്ത്ര വാണിജ്യ കരാറിനെ തുടര്‍ന്ന് 2006ലാണ് ഒമാനില്‍ ട്രേഡ് യൂനിയനുകളും സമരങ്ങളും നിയമവിധേയമാക്കിയത്. ജി.സി.സി രാഷ്ട്രങ്ങളില്‍ ബഹ്റൈനിലും ഒമാനിലും മാത്രമാണ് നിലവില്‍ ട്രേഡ് യൂനിയന്‍ ജനറല്‍ ഫെഡറേഷനുകള്‍ നിലവിലുള്ളത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.