സ്വവര്‍ഗരതിയെ കുറിച്ച് ചര്‍ച്ച: റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിച്ചു

മസ്കത്ത്: സ്വവര്‍ഗരതിയെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ച റേഡിയോ സ്റ്റേഷന്‍െറ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചു. ഫ്രഞ്ച് ഉടമസ്ഥതയിലുള്ള അറബിക് റേഡിയോ സ്റ്റേഷനായ എം.സി.ഡിയുടെ (മോണ്ടെ കാര്‍ലോ ഡ്യുവാലിയ) പ്രവര്‍ത്തനം രണ്ടു ദിവസത്തേക്ക് നിര്‍ത്താനാണ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നിര്‍ദേശിച്ചത്. കൂടുതല്‍ അന്വേഷണം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് സ്റ്റേഷന്‍ ഒമാനില്‍ പ്രക്ഷേപണമാരംഭിച്ചത്. ഗേ ആക്ടിവിസ്റ്റ് എന്നവകാശപ്പെട്ട മുപ്പതുകാരനുമായി നടത്തിയ ചര്‍ച്ചയാണ് റേഡിയോ സ്റ്റേഷനെ പുലിവാല് പിടിപ്പിച്ചത്. സാമൂഹികമാധ്യമങ്ങളിലടക്കം റേഡിയോ സ്റ്റേഷനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഷട്ടിങ് ഡൗണ്‍ മോണ്ടെ കാര്‍ലോ എന്ന ഹാഷ് ടാഗില്‍ അമ്പതിനായിരത്തോളം സന്ദേശങ്ങളാണ് ട്വീറ്റ് ചെയ്യപ്പെട്ടത്. ഒമാന്‍ പീനല്‍കോഡ് പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികത ക്രിമിനല്‍ കുറ്റമാണ്. ഇതില്‍ പിടിക്കപ്പെടുന്നവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. എന്നാല്‍, സ്വവര്‍ഗരതിക്കെതിരെ നിയമം നിലവിലില്ല. 2013ല്‍ സമാന സ്വഭാവത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ചതിന് പ്രതിവാര ടാബ്ളോയിഡിന്‍െറ പ്രസിദ്ധീകരണം നിര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നു. മുന്‍പേജില്‍ ക്ഷമാപണം പ്രസിദ്ധീകരിച്ചശേഷമാണ് പ്രസിദ്ധീകരണം പുനരാരംഭിക്കാന്‍ അനുവദിച്ചത്. ഒമാനി പബ്ളിഷിങ് നിയമം അനുസരിച്ച് ജനങ്ങളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതോ അശ്ളീലത പ്രോത്സാഹിപ്പിക്കുന്നതോ ആയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവും 2000 റിയാല്‍ പിഴയുമാണ് ശിക്ഷ. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.