സിഗ്നലുകളില്‍ കൗണ്ട്ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം നീട്ടിവെച്ചു

മസ്കത്ത്: നഗരത്തിലെ പ്രധാന ഗതാഗത സിഗ്നലുകളില്‍ കൗണ്ട്ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം ആര്‍.ഒ.പി നീട്ടിവെച്ചു. ഒന്നിലധികം കാരണങ്ങളാണ് തീരുമാനം നീട്ടാന്‍ പ്രേരകമായതെന്ന് ആര്‍.ഒ.പി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അപകടങ്ങള്‍ കുറക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി സിഗ്നലുകളില്‍ കൗണ്ട്ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കുമെന്ന് നേരത്തേ ആര്‍.ഒ.പി അറിയിച്ചിരുന്നു. സാങ്കേതികപ്രശ്നങ്ങളാണ് തീരുമാനത്തില്‍നിന്ന് പിന്നാക്കംപോകാനുള്ള പ്രധാന കാരണം. നിലവിലെ സിഗ്നല്‍ സംവിധാനം ടൈമര്‍ സ്ഥാപിക്കാന്‍തക്ക നവീനമല്ല. ഇതോടൊപ്പം വിശദപഠനത്തില്‍ ടൈമറുകള്‍ സ്ഥാപിക്കുന്നത് വഴി അപകടം വര്‍ധിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. സിഗ്നല്‍ വീഴുന്നതോടെ വാഹനം അമിതവേഗത്തില്‍ മുന്നോട്ടെടുക്കാന്‍ ടൈമറുകള്‍ കാരണമാകാനിടയുണ്ട്. മസ്കത്ത് നഗരസഭയുമായി ബന്ധപ്പെട്ട് മാത്രമേ സിഗ്നലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കൂ. ടൈമറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം സിഗ്നലുകളിലെ സമയപരിധി കുറക്കുന്നതും മസ്കത്ത് നഗരസഭയുടെകൂടി അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. കേന്ദ്രീകൃത സംവിധാനം വഴി സിഗ്നലുകള്‍ നിയന്ത്രിക്കുന്നതിനായിരുന്നു പദ്ധതി. സെന്‍സര്‍ അധിഷ്ഠിതമായ ടൈമറുകള്‍ ഉപയോഗിക്കുന്നത് വഴി വാഹനഗതാഗതം കുറഞ്ഞ സമയത്ത് പെട്ടെന്ന് സിഗ്നല്‍ കടക്കാന്‍ കഴിയുമെന്നായിരുന്നു വിലയിരുത്തല്‍. നിലവിലെ സിഗ്നലുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയാലും കുറഞ്ഞാലും നിശ്ചിത സമയം കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.