വിമാനയാത്രക്കാര്‍ക്ക് യു.എ.ഇയിലേക്ക് വിസ നിയന്ത്രണം പിന്‍വലിച്ചു

മസ്കത്ത്: യു.എ.ഇയിലേക്ക് പ്രവേശിക്കാന്‍ ഒമാനിലെ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇ-വിസ സമ്പ്രദായം താല്‍ക്കാലികമായി പിന്‍വലിച്ചു. നേരത്തേ ഉണ്ടായിരുന്ന ഓണ്‍ അറൈവല്‍ വിസ സമ്പ്രദായം ഡിസംബര്‍ 31 വരെ തുടരും. അപേക്ഷകള്‍ സ്വീകരിക്കാന്‍  വെബ്സൈറ്റ് സജ്ജമാവുന്നതോടെയാകും ഇ-വിസ സമ്പ്രദായം പുനരാരംഭിക്കുക. കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ യു.എ.ഇയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇ-വിസ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 
എന്നാലും ഫൈ്ള ദുബൈ അടക്കമുള്ള വിമാന കമ്പനികള്‍ ഈ മാസം 18 വരെ  ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള  ഉയര്‍ന്ന തസ്തികയിലുള്ളവരെ യു.എ.ഇയിലേക്ക് കൊണ്ടുപോവുകയും ഈ യാത്രക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സംവിധാനം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അധികൃതരില്‍നിന്ന് നിര്‍ദേശം ലഭിച്ചതോടെ ഏതാനും ദിവസമായി എല്ലാ വിമാനങ്ങളും ഇ-വിസക്കാരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിച്ചിരുന്നുള്ളൂ. ഈ നിയന്ത്രണമാണ് താല്‍ക്കാലികമായി പിന്‍വലിക്കുന്നത്. അടുത്ത മാസം അവസാനം വരെ എല്ലാ വിമാന കമ്പനികളും ഇ-വിസ ഇല്ലാതത്തെന്നെ ഉയര്‍ന്ന തസ്തികയിലുള്ള യാത്രക്കാരെ യു.എ.ഇയിലേക്ക് കൊണ്ടുപോവും. ഇത് ദേശീയ ദിനാഘോഷ അവധിക്ക് യു.എ.ഇ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചവര്‍ക്ക് അനുഗ്രഹമാവും. യു.എ.ഇയിലേക്ക് ഇ-വിസ സമ്പ്രദായം നടപ്പാക്കിയതായി അറിയിപ്പുണ്ടായിരുന്നെങ്കിലും അപേക്ഷിച്ച പലര്‍ക്കും വിസ ലഭിച്ചിരുന്നില്ല. വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായും പരാതികള്‍ ലഭിച്ചിരുന്നു. 
അപേക്ഷിച്ച് 10 ദിവസം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തവര്‍ നിരവധിയാണ്. ഇത് യാത്രക്കാര്‍ക്ക് നിരവധി പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിസ ലഭിക്കാന്‍ വൈകുന്നത് വ്യാപാരത്തെ ബാധിക്കുന്നതായി ബിസിനസുകാര്‍ പരാതിപ്പെട്ടിരുന്നു. നിരവധി ബിസിനസ് കാര്യങ്ങള്‍ക്ക് ഒമാനിലുള്ളവര്‍ യു.എ.ഇയെ ആശ്രയിക്കേണ്ടതിനാല്‍ പെട്ടെന്ന് വിസ ലഭിക്കുന്ന സംവിധാനം ആവശ്യമാണെന്നും വ്യാപാരികള്‍ പറയുന്നു. നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് അധികൃതര്‍ നിലവിലുള്ള സംവിധാനം തുടരാനും വെബ് സൈറ്റിലെ അപാകതകള്‍ പരിഹരിക്കാനും തീരുമാനിച്ചത്. അടുത്ത ജനുവരി മുതല്‍ ഇ-വിസ സംവിധാനം പൂര്‍ണമായി നടപ്പാവും. ഇതോടെ ഇ-വിസകള്‍ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സംവിധാനവും സജ്ജമാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. ന്യൂസിലന്‍-്, ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഓണ്‍ അറൈവല്‍ വിസ സംമ്പ്രദായം തുടരും. ജി.സി.സിയില്‍ താമസിക്കുന്നവര്‍ക്ക് 30 ദിവസത്തെ വിസയാണ് അനുവദിക്കുക. അത് പിന്നീട് 30 ദിവസംകൂടി ദീര്‍ഘിപ്പിക്കാന്‍ കഴിയും. വിസയുടെ കാലാവധി യു.എ.ഇ പ്രവേശിച്ച ദിവസം മുതലാണ് ആരംഭിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.