നീണ്ട ഇടവേളക്കുശേഷം സുല്‍ത്താന്‍ ഖാബൂസ്  സംയുക്ത സഭയെ അഭിസംബോധന ചെയ്തു

മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് നീണ്ട ഇടവേളക്കുശേഷം രാജ്യത്തെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു. 2012ന് ശേഷം ആദ്യമായാണ് സുല്‍ത്താന്‍ പാര്‍ലമെന്‍റിന്‍െറ ഉപരിസഭയും അധോസഭയും ഉള്‍പ്പെടുന്ന ഒമാന്‍ കൗണ്‍സിലില്‍ പ്രസംഗിക്കുന്നത്. മനാ വിലായത്തിലെ ഹിസന്‍ അല്‍ ഷുമൂഖ് കൊട്ടാരത്തിലാണ് കൗണ്‍സില്‍ നടന്നത്. പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു സുല്‍ത്താന്‍െറ പ്രസംഗം. മജ്ലിസുദ്ദൗല, മജ്ലിസുശ്ശൂറ എന്നിവ ഉള്‍പ്പെട്ട ഒമാന്‍ കൗണ്‍സിലില്‍ നടത്തിയ പ്രസംഗം രാജ്യത്തെ ദേശീയ ടെലിവിഷന്‍ തല്‍സമയം സംപ്രേഷണം ചെയ്തു. ഒമ്പതു മാസം മുമ്പ് ചികിത്സ പൂര്‍ത്തിയാക്കി ജര്‍മനിയില്‍നിന്ന് തിരിച്ചത്തെിയ സുല്‍ത്താന്‍ ആദ്യമായാണ് ടി.വിയില്‍ തത്സമയം പ്രത്യക്ഷപ്പെട്ടത്. മൂന്നു മിനിറ്റ് മാത്രം നീണ്ട പ്രസംഗത്തില്‍ സുല്‍ത്താന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ഉന്നമനത്തിനായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തു. നവോത്ഥാനശ്രമങ്ങളെ മുറുകെ പിടിക്കണമെന്ന് ഉണര്‍ത്തി. ഖുര്‍ആന്‍ വചനങ്ങളോതി അദ്ദേഹം ജനതയുടെ ക്ഷേമത്തിനായി പ്രാര്‍ഥിച്ചു. രാജ്യപുരോഗതിക്കും വികസനത്തിനും സമൃദ്ധിക്കും കൗണ്‍സില്‍ എടുക്കുന്ന ശ്രമങ്ങളെ സുല്‍ത്താന്‍ അഭിനന്ദിച്ചു. 1970 ല്‍ അധികാരത്തിലത്തെിയ സുല്‍ത്താന്‍ ഭരണത്തില്‍ 45 വര്‍ഷം പിന്നിട്ടു. ഈമാസം 18ന് രാജ്യം 45ാമത് ദേശീയദിനാഘോഷത്തിന് തയാറെടുക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം കൗണ്‍സിലിനെയും രാജ്യത്തെയും അഭിസംബോധന ചെയ്തത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്‍റിലത്തെിയ പുതിയ അംഗങ്ങളെകൂടിയാണ് സുല്‍ത്താന്‍ അഭിസംബോധന ചെയ്തത്. കഴിഞ്ഞവര്‍ഷം എട്ടുമാസമാണ് സുല്‍ത്താന്‍ ചികിത്സക്കായി ജര്‍മനിയില്‍ കഴിഞ്ഞത്. തിരിച്ചത്തെിയശേഷം മന്ത്രിസഭയെ അഭിസംബോധന ചെയ്തിരുന്നു. 75 കാരനായ സുല്‍ത്താന്‍ വീണ്ടും ടി.വിയില്‍ തല്‍സമയം പ്രത്യക്ഷപ്പെട്ട് പ്രസംഗിച്ചത് രാജ്യത്തെ ആവേശത്തിലാക്കി. മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍, സുല്‍ത്താന്‍െറ സായുധസേനാ കമാന്‍ഡര്‍മാര്‍, ആര്‍.ഒ.പി ഉദ്യോഗസ്ഥര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളും കൗണ്‍സിലില്‍ സംബന്ധിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.