‘ചപല’ യമന്‍ ഭാഗത്തേക്ക്; സലാല തീരത്ത് കനത്ത മഴക്ക് സാധ്യത

മസ്കത്ത്: ഭീഷണിയുയര്‍ത്തിയ ‘ചപല’ ചുഴലിക്കാറ്റ് നീങ്ങുന്നത് യമനിലേക്ക്. ഒടുവിലത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സലാല തീരത്തുനിന്ന് 400 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്‍െറ സ്ഥാനം. കാറ്റിന്‍െറ വേഗം കുറഞ്ഞിട്ടുണ്ട്. മണിക്കൂറില്‍ 153 മുതല്‍ 171 കിലോമീറ്റര്‍ വരെയാണ് ഇപ്പോള്‍ വേഗം. ശനിയാഴ്ച മണിക്കൂറില്‍ 212 കിലോമീറ്റര്‍ വരെയായിരുന്നു. അടുത്ത 12  മണിക്കൂറിനുള്ളില്‍ കാറ്റിന്‍െറ വേഗം മണിക്കൂറില്‍ 90 മുതല്‍ 125 കിലോമീറ്റര്‍ വരെയായി കുറയാനും സാധ്യതയുണ്ട്. ഒമാന്‍, യമന്‍ തീരങ്ങള്‍ക്ക് സമാന്തരമായി സഞ്ചരിക്കുന്ന കാറ്റിന്‍െറ ഗതി പടിഞ്ഞാറു ഭാഗത്തേക്കാണ്. അടുത്ത 36 മണിക്കൂറിനുള്ളില്‍ യമനിലെ ഹളര്‍മൗത്ത്, ഷബ്വ ഗവര്‍ണറേറ്റുകളില്‍ കാറ്റ് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യമനിലെ അല്‍ മഹ്റ, സൊക്കോത്ര ദ്വീപുകളിലും കാറ്റ് ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതിനിടെ, ചപല തീരത്തോട് അടുത്തതിന്‍െറ ഫലമായി സലാലയടക്കം ദോഫാര്‍ ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച മഴയനുഭവപ്പെട്ടു. സലാല നഗരത്തില്‍ രാവിലെയും ഉച്ചക്കുമാണ് മഴയുണ്ടായത്. ചുഴലിക്കാറ്റ് കാര്യമായി ബാധിക്കുമെന്ന് പറയപ്പെട്ടിരുന്ന യമനോട് ചേര്‍ന്ന ദല്‍ഖൂത്ത്, റഖ്യൂത്ത് എന്നിവിടങ്ങളിലും ഹലാനിയാത്ത് ദ്വീപിലും കാറ്റും മഴയുമുണ്ടായതായി ഒമാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും കടല്‍ പ്രക്ഷുബ്ധമാണ്. തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 10 മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴയാണ് ഞായറാഴ്ച വിവിധയിടങ്ങളിലായി ലഭിച്ചത്. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജാസറില്‍ മഴയെ തുടര്‍ന്ന് വാദികള്‍ നിറഞ്ഞു. കാറ്റിന്‍െറ ഫലമായി ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ദോഫാറിന്‍െറ വിവിധ ഭാഗങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ സലാലയില്‍ 20 മുതല്‍ 40 മില്ലിമീറ്റര്‍ വരെയും സദായില്‍ 80 മില്ലിമീറ്റര്‍ വരെയും ജബല്‍ സംഹാനില്‍ 100 മില്ലിമീറ്റര്‍ വരെയും മഴ ലഭിക്കുമെന്നാണ് പ്രവചനം. മിര്‍ബാത്തില്‍ 30, താഖയില്‍ 50, റഖ്യൂത്തില്‍ 20, ദല്‍ഖൂത്തില്‍ 30, ഷലീം ഹലാനിയാത്ത് ദ്വീപുകളില്‍ 40 മില്ലിമീറ്റര്‍ എന്നിങ്ങനെ മഴ ലഭിക്കാനിടയുണ്ട്. ശക്തമായ കാറ്റിന്‍െറ അകമ്പടിയോടെയാകും മഴയത്തെുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. തിരമാലകള്‍ ഏഴു മീറ്റര്‍ വരെ ഉയരാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കടല്‍ത്തീരത്തുനിന്ന് വിട്ടുനില്‍ക്കണമെന്നും അറിയിപ്പില്‍ നിര്‍ദേശിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. സലാല, സാദാ, റഖ്യൂത്ത്, ദല്‍ഖൂത്ത്, ഷലീം, ഹലാനിയാത്ത് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിപ്പിച്ചിരുന്നു. ഹലാനിയാത്തില്‍നിന്ന് മാത്രം 450 പേരെയാണ് ഒഴിപ്പിച്ചത്. ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ഇതില്‍പെടും. ഒഴിപ്പിച്ചവര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ ഒമാനി കുടുംബങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. സ്കൂളുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 
ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ഏതുസാഹചര്യവും നേരിടാന്‍ സേന സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ സിവില്‍ ഡിഫന്‍സ് വാഹനങ്ങളും ബോട്ടുകളടക്കം രക്ഷാ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രികളില്‍ വൈദ്യുതി മുടങ്ങുന്ന പക്ഷം ബദല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 
വാദികള്‍ മുറിച്ചുകടക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ആര്‍.ഒ.പി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹളര്‍മൗത്ത് അടക്കം മേഖലകളില്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ വ്യാപക ഒരുക്കമാണെന്ന് യമനില്‍ ബേക്കറി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി അബ്ദുല്‍ റഹ്മാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സൊക്കോത്ര ദ്വീപില്‍ 10 മീറ്റര്‍ വരെ തിരമാലകള്‍ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.