മണി എക്സ്ചേഞ്ചില്‍ കത്തി കാണിച്ചും പടക്കം പൊട്ടിച്ചും കവര്‍ച്ചാ ശ്രമം

മസ്കത്ത്: മണി എക്സ്ചേഞ്ചില്‍ കത്തി കാണിച്ചും ഗുണ്ടും പടക്കവും പൊട്ടിച്ചും കവര്‍ച്ച നടത്താനുള്ള ശ്രമം ജീവനക്കാരുടെ സമയോചിത ഇടപെടല്‍മൂലം വിഫലമായി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഉപഭോക്താക്കളിലും ജീവനക്കാരിലും ഭീതിയുണ്ടാക്കി അല്‍ജദീദ് എക്സ്ചേഞ്ചിന്‍െറ അല്‍ഖുവൈര്‍ ശാഖയില്‍ മോഷണശ്രമം നടത്തിയത്. തൂവാല വെച്ച് മുഖംമറച്ച് എത്തിയ അക്രമി എക്സ്ചേഞ്ചിലെ ജീവനക്കാരനെ കത്തി കാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. തന്‍െറ കൈയില്‍ ബോംബുണ്ടെന്നും സ്ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ജീവനക്കാരന്‍ പണം നല്‍കാന്‍ തയാറാകാതിരുന്നതോടെ സ്ഥാപനത്തിനുള്ളില്‍ പടക്കം പൊട്ടിച്ചു. ഇതോടെ, വിനിമയ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് പണം അയക്കാനത്തെിയവര്‍ ഇറങ്ങിയോടി. തുടര്‍ന്ന്, എക്സ്ചേഞ്ചിന് പുറത്തേക്ക് ഇറങ്ങിയ അക്രമിയെ പിടികൂടാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കത്തികൊണ്ട് കുത്തുമെന്നും തോക്കുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനിടെ, ഓഫിസിന് പുറത്തും ഗുണ്ട് പൊട്ടിച്ചു. തുടര്‍ന്ന്, ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തത്തെി. ഇയാളെ പിടികൂടാനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 
മണി എക്സ്ചേഞ്ചിലെ സി.സി.ടി.വി കാമറയില്‍ ഇയാളുടെ മുഖം പതിഞ്ഞിട്ടുണ്ടെങ്കിലും തൂവാലകൊണ്ട് മറച്ചതിനാല്‍ വ്യക്തമല്ല. ജോര്‍ഡന്‍ സ്വദേശിയാണെന്നാണ് സൂചന. ജോലിക്കുപോകുന്ന പോലെയുള്ള യൂനിഫോം വസ്ത്രമാണ് ധരിച്ചിരുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.