ഒരു ഒമാനി റിയാലിന് 173 രൂപ; പ്രവാസികള്‍ക്ക് ഗുണമില്ല

മസ്കത്ത്: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ഒരു റിയാലിന് 173 രൂപക്ക് മുകളിലത്തെി. രണ്ടാഴ്ചയായി രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും മികച്ച നിരക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്. 
അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ഒമാനി റിയാലുമായുള്ള വിനിമയമൂല്യവും കുറഞ്ഞു. തിങ്കളാഴ്ച ഒരു ഒമാനി റിയാലിന് 173.08 രൂപക്ക് മുകളില്‍ ലഭിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. 2013 സെപ്റ്റംബറില്‍ ഒരു റിയാലിന് 178 രൂപ വരെ ലഭിച്ചിരുന്നു. അതേസമയം, രൂപയുടെ മൂല്യം കുറഞ്ഞെങ്കിലും ഒമാനിലെ പ്രവാസികള്‍ക്ക് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. മധ്യവേനല്‍ അവധിയും റമദാനും പെരുന്നാളും ഓണവും എല്ലാം കൂടി പ്രവാസികളുടെ കീശ കാലിയാക്കിയ സാഹചര്യത്തിലാണ് റിയാലിന് കൂടുതല്‍ തുക ലഭിക്കുന്നത്. ഇതോടൊപ്പം പലരും ‘മാസാവസാനത്തിന്‍െറ’ ഞെരുക്കത്തിലുമാണ്. 
രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യങ്ങളില്‍ മണി എക്സ്ചേഞ്ചുകളില്‍ ദൃശ്യമാകുന്ന പതിവ് തിരക്കും കുറവാണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നാട്ടിലേക്ക് വന്‍തോതില്‍ പണം അയക്കാനത്തെുന്നവരുടെ നിര ഇത്തവണ കാര്യമായി ദൃശ്യമായിട്ടില്ളെന്ന് വിവിധ മണി എക്സ്ചേഞ്ച് പ്രതിനിധികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ഇന്ത്യയിലേക്ക് പണം കൂടുതലായി അയക്കുന്ന തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും അടുത്ത മാസം ആദ്യം മാത്രമേ ശമ്പളം ലഭിക്കൂ. ആഘോഷ വേളകളായതിനാല്‍ പലരുടെയും കൈവശം പണം ഇല്ലാത്ത സാഹചര്യവുമുണ്ട്. കച്ചവടക്കാര്‍ അടക്കം വളരെ ചുരുക്കം പേരാണ് ഇപ്പോള്‍ നാട്ടിലേക്ക് പണം അയക്കാനത്തെുന്നതെന്ന് മണി എക്സ്ചേഞ്ച് പ്രതിനിധികള്‍ പറയുന്നു. 
അതേസമയം, ചൈനീസ് കറന്‍സിയായ യുവാന്‍െറ മൂല്യം ഇടിച്ചതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയാന്‍ പ്രധാന കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 
യുവാനിന്‍െറ മൂല്യം ചൈന കുറച്ചതിനനുസരിച്ച് വന്ന സമ്മര്‍ദങ്ങളാണ് രൂപയുടെ മുല്യം കുറയാന്‍ കാരണമെന്ന് ഗ്ളോബല്‍ മണി എക്സ്ചേഞ്ച് ജനറല്‍ മാനേജറായ വി.ജി. രാജീവ് പറഞ്ഞു. ആഗസ്റ്റ് 11 മുതല്‍ ഈ പ്രവണത തുടരുന്നുണ്ട്. 
നിലവിലെ അവസ്ഥയില്‍ രൂപ കരകയറുമോ കൂടുതല്‍ ഇടിയുമോ എന്ന് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. തിങ്കളാഴ്ച ഡോളറിന് 66.66 രൂപയായിരുന്നു. ഇത് 67- 68 വരെ ആകാമെന്ന് സാമ്പത്തിക മേഖലയിലെ ചിലര്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ബ്രസീല്‍ പോലെയുള്ള രാജ്യങ്ങളുടെ കറന്‍സിക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ ഇടിവുണ്ടായിട്ടുണ്ടെന്നും വി.ജി. രാജീവ് പറഞ്ഞു. ഓഹരി വിപണിയിലും ഇടിവുണ്ടായിട്ടുണ്ട്. ചൈനീസ് കറന്‍സിയുടെ മൂല്യം കുറച്ചതിനൊപ്പം മാസാവസാനം എണ്ണ കമ്പനികളുടെ ബില്‍ തീര്‍ക്കുന്നതിന് ഡോളര്‍ പിന്‍വലിക്കുന്നതും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായിട്ടുണ്ടെന്ന് മുസന്തം എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ പി.എസ്. സകരിയ പറഞ്ഞു. 
ഇന്ത്യക്ക് ചൈനയുമായാണ് ഏറ്റവും കൂടുതല്‍ കയറ്റുമതിയും ഇറക്കുമതിയും. 
ഈ സാഹചര്യത്തില്‍ യുവാന്‍െറ മൂല്യം കുറച്ചത് നേരിട്ട് ബാധിക്കുകയും ചെയ്യും. 
ഒമാന്‍ റിയാലുമായി രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ളെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കിന്‍െറ ഇടപെടലനുസരിച്ച് മാത്രമേ രൂപ തിരിച്ചുവരുമോ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.