അല്‍ അന്‍സാബ് ഇന്ത്യന്‍ സ്കൂള്‍ അടുത്ത വര്‍ഷത്തോടെ

മസ്കത്ത്: അല്‍ അന്‍സാബ് സ്കൂളില്‍ അടുത്ത വര്‍ഷത്തോടെ അധ്യയനം ആരംഭിക്കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വിന്‍സന്‍ വി. ജോര്‍ജ്. നേരത്തേ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തടസ്സങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ നിര്‍മാണ തടസ്സങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. 
സ്കൂള്‍ നിര്‍മാണത്തിന് പ്രധാന തടസ്സമായിനിന്നിരുന്നത് ട്രാഫിക് ക്ളിയറന്‍സായിരുന്നു. അടുത്തിടെ പൊലീസ് അധികൃതരില്‍നിന്ന് ട്രാഫിക് ക്ളിയറന്‍സ് ലഭിച്ചിരുന്നു. ഇതിനായി വിദഗ്ധസമിതിയെ നിയമിച്ചിരുന്നു. ഈ സമിതി പ്രത്യേക പഠനം നടത്തിയാണ് ഗതാഗത റിപ്പോര്‍ട്ട് തയാറാക്കിയത്. ചില ഉപാധികളോടെ അധികൃതര്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. ഇതോടെ, പ്രധാന തടസ്സം നീങ്ങിക്കിട്ടിയതായും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് സ്കൂള്‍ നിര്‍മാണത്തിന് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇടക്ക് നിര്‍മാണം നിലച്ചതോടെ കരാറിന്‍െറ കാലാവധി കഴിഞ്ഞു. ഇനി കരാര്‍ പുതുക്കേണ്ടതുണ്ട്. കരാര്‍ പുതുക്കുമ്പോള്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകുന്നത് പ്രശ്നമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഏറെ സൗകര്യങ്ങളോടെ മികച്ച നിലവാരത്തിലാണ് സ്കൂള്‍ നിര്‍മിക്കുക. 4000 കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാവും. ഗാല, ഗുബ്റ, അല്‍ഖുവൈര്‍ തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കായിരിക്കും ഈ സ്കൂള്‍ അനുഗ്രഹമാവുക. നിലവിലുള്ള സ്കൂളുകളിലെ കുട്ടികളുടെ ആധിക്യം കുറക്കാന്‍ പുതിയ സ്കൂള്‍ സഹായകമാവും. 10 വര്‍ഷം മുമ്പ് ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ പ്രശ്നമുണ്ടായ സമയത്താണ് അല്‍ അന്‍സാബില്‍ സ്കൂള്‍ നിര്‍മിക്കാന്‍ ഒമാന്‍ അധികൃതര്‍  സ്ഥലം അനുവദിക്കുന്നത്. ദാര്‍സൈത്ത് സ്കൂള്‍ അധികൃതരും കെട്ടിട ഉടമകളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതോടെ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി സ്ഥലം സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡിന്‍െറ കാലത്താണ് അല്‍ അന്‍സാബില്‍ സ്കൂള്‍ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, പദ്ധതി ആരംഭത്തിലേ മുടങ്ങുകയായിരുന്നു. 
സീബ്, മൊബേല ഇന്ത്യന്‍ സ്കൂളുകളിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഏറെ സൗകര്യങ്ങളോടുകൂടിയ സീബ് ഇന്ത്യന്‍ സ്കൂളിന്‍െറ പുതിയ കെട്ടിടം അടുത്തിടെയാണ് നിര്‍മാണം പൂര്‍ത്തിയായത്. 
18 ക്ളാസ് മുറികള്‍ കെട്ടിടത്തിലുണ്ട്. ചെറിയ കുട്ടികളുടെ ക്ളാസുകള്‍, ലാബ് എന്നിവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. മൊബേല ഇന്ത്യന്‍ സ്കൂളിലെ പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഉദ്ഘാടനം ഉടന്‍ നടക്കും. 1200 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഏറെ സൗകര്യങ്ങളുള്ളതായിരിക്കും പുതിയ കെട്ടിടം. ഈ മാനേജിങ് കമ്മിറ്റി ഭരണത്തില്‍ വന്നതിനുശേഷമാണ് ഈ രണ്ടു പദ്ധതികളും ആരംഭിച്ചത്. ദാര്‍സൈത്ത്, മൊബേല സ്കൂളുകളില്‍ ആരംഭിച്ച സ്കൂള്‍ സുരക്ഷാ ബസ് സംവിധാനം ഏറെ സ്വീകാര്യത നേടിവരുന്നതായി അദ്ദേഹം പറഞ്ഞു. 10 ബസുകളാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സ്വീകാര്യത നേടാന്‍ ബസ് സര്‍വിസിന് കഴിഞ്ഞിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര്‍ സ്കൂള്‍ ബസ് സര്‍വിസിലേക്ക് മാറാന്‍ സാധ്യതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.