മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസം; ഗാര്‍ഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറാം
കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ. രണ്ടുമാസമാണ് ഇതിനായി അനുവദിച്ച സമയം. ഗാര്‍ഹിക തൊഴിലാളികൾക്ക് ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെ ഇതിനായുള്ള അപേക്ഷകൾ നൽകാം. ഒരേ തൊഴിലുടമയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തവർക്കാണ് വിസ മാറ്റത്തിന് അനുമതി. 50 ദീനാർ ഫീസ് ഈടാക്കും.
കരാർ പുതുക്കുന്നതിനായി എല്ലാ വർഷവും 10 ദീനാറും ഇത്തരക്കാരിൽനിന്ന് ഈടാക്കും. അപേക്ഷകന് അപേക്ഷ സമര്‍പ്പിക്കുവാന്‍ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. വിസമാറ്റവുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ വൈകാതെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. നേരത്തേ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം കൈക്കൊണ്ടത്.
തുടർന്ന് വിസ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കരട് തയാറാക്കാൻ മാന്‍പവര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഗാർഹിക തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് (വിസ- 20) സ്വകാര്യ മേഖലയിലേക്ക് (വിസ-18) മാറ്റുന്നത് അനുവദനീയമാകും. രാജ്യത്തെ തൊഴിൽ വിപണിയുടെ വർധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനം. കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളിൽ 45 ശതമാനവുമായി ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്തും 13 ശതമാനവുമായി ഫിലിപ്പീൻസുകാര്‍ രണ്ടാം സ്ഥാനത്തുമാണ്. പുതിയ തീരുമാനം മലയാളികളടക്കമുള്ള ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസകരമാകും.
- ഒരേ തൊഴിലുടമയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലിചെയ്യണം
- അപേക്ഷ സമര്‍പ്പിക്കാന്‍ തൊഴിലുടമയുടെ അനുമതി വേണം
- വിസമാറ്റത്തിന് 50 ദീനാർ
- കരാർ പുതുക്കുന്നതിന് വർഷവും 10 ദീനാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.