ഇടവേളക്കു ശേഷം കുവൈത്തിൽ വീണ്ടും ഇറാൻ ആക്രമണം: സായുധ സേന പ്രതിരോധിച്ചു
കുവൈത്ത് സിറ്റി: രാജ്യത്തെ ആശങ്കയിലാഴ്ത്തി ഇടവേളക്കുശേഷം കുവൈത്തിൽ വീണ്ടും ഇറാൻ ആക്രമണം. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു പുതിയ ആക്രമണം. രാജ്യത്തെ ലക്ഷ്യമിട്ട് എത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചതായി കുവൈത്ത് സായുധ സേന അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് രാജ്യത്ത് കേട്ട സ്ഫോടനശബ്ദങ്ങൾ എന്നും അറിയിച്ചു.
ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി രാജ്യവ്യാപകമായി സൈറൺ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും ശാന്തരായിരിക്കാനും സൈന്യം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
രാജ്യസുരക്ഷക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സൈന്യം ജാഗ്രത പുലർത്തുന്നുണ്ട്.
അതേസമയം, ഇടവേളക്കുശേഷം യു.എസ്-ഇറാൻ സംഘർഷം വീണ്ടും ഉടലെടുത്തതോടെ ആക്രമണം വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. യു.എസ്, ഇസ്രായേൽ- ഇറാൻ സംഘർഷം ആരംഭിച്ച ഫെബ്രുവരി 28ന് പിറകെ കുവൈത്ത് നിരന്തരം ആക്രമിക്കപ്പെട്ടിരുന്നു. ജൂണിൽ രൂപം നൽകിയ സമാധാന കരാറും അടുത്തിടെ സംഘർഷത്തിന് അയവും വന്നതോടെയാണ് ആക്രമണം നിലച്ചത്.
എന്നാൽ കഴിഞ്ഞദിവസം ഇറാനെ ലക്ഷ്യമിട്ട് യു.എസ് ആക്രമണം പുനരാരംഭിച്ചത് സാഹചര്യങ്ങളെ വീണ്ടും വഷളാക്കി. ഹുർമുസിലെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെയുള്ള ആക്രമണത്തിന് തിരിച്ചടിയായി ജോർഡനിലെ യു.എസ് സൈനിക താവളങ്ങൾക്കും യു.എ.ഇക്കു നേരെയും ഇറാൻ ആക്രമണം നടത്തി.
ചൊവ്വാഴ്ച ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലും ദക്ഷിണ തീരത്തെ ചബഹാർ തുറമുഖവും യു.എസ് ലക്ഷ്യമിട്ടു. ഇതിന് പിറകെയാണ് കുവൈത്തിന് നേരെ ഇറാൻ ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച ജോർഡനുനേരെയും ഇറാൻ ആക്രമണം ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.