യു.എൻ സുരക്ഷ കൗൺസിൽ സെഷനിൽ മന്ത്രി മായ് അൽ ബാഗ്ലി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: രാഷ്ട്രനിർമാണത്തിലും വികസനത്തിലും കുവൈത്തി വനിതകളുടെ പങ്ക് നിർണായകമാണെന്ന് വനിത ശിശുകാര്യ സഹമന്ത്രി മായ് അൽ ബാഗ്ലി. ന്യൂയോർക്കിൽ ‘സ്ത്രീ, സമാധാനം, സുരക്ഷ’ വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക യു.എൻ സുരക്ഷ കൗൺസിൽ സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധത്തിലെ സ്ത്രീകളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അവർ, ഇറാഖ് അധിനിവേശവേളയിൽ കുവൈത്തിലെ സ്ത്രീകളുടെ ധീരതയും ത്യാഗവും അഭിമാനത്തോടെ അനുസ്മരിച്ചു.
സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും കുവൈത്ത് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും സാമൂഹിക, സാമൂഹിക വികസന മന്ത്രി കൂടിയായ അൽ ബാഗ്ലി പറഞ്ഞു.
സ്ത്രീകൾ രാഷ്ട്രീയ അവകാശങ്ങൾ നേടിയതു മുതൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നു. കുവൈത്ത് രാഷ്ട്രീയ നേതൃത്വം സ്ത്രീകളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനും മുൻഗണന നൽകുന്നു. കുവൈത്ത് സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളുടെ ജീവിക്കുന്ന ഉദാഹരണമായി സ്വയം കരുതുന്നു.
അതിനാലാണ് സാമൂഹികകാര്യങ്ങളുടെയും കമ്യൂണിറ്റി വികസനത്തിന്റെയും മന്ത്രി, വനിത-ശിശു സഹമന്ത്രി എന്ന നിലയിൽ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും അവർ വ്യക്തമാക്കി. യുദ്ധങ്ങൾ, സംഘർഷങ്ങൾ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവയുടെ ആദ്യ ഇരകൾ സ്ത്രീകളാണെങ്കിലും, പ്രതിസന്ധികളെ അതിജീവിക്കാൻ പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചതായും മന്ത്രി സാക്ഷ്യപ്പെടുത്തി.
സ്ത്രീശാക്തീകരണം, അവകാശങ്ങൾ സംരക്ഷിക്കൽ, എല്ലാ മേഖലകളിലും പങ്കാളിത്തം ഉറപ്പാക്കൽ എന്നതിനു ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. രണ്ടു ദശാബ്ദങ്ങൾക്കുമുമ്പ് സ്ത്രീകളുടെ സമാധാനം, സുരക്ഷ എന്നിവക്കായി അജണ്ട നിശ്ചയിച്ച യു.എന്നിനെ മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.